thodiyoor
ആകെട്ടിടങ്ങൾക്ക് ശാപമോക്ഷമാകുന്നു

കാത്തിരിപ്പിനൊടുവിൽ ആ കെട്ടിടങ്ങൾക്ക് ശാപമോക്ഷമാകുന്നു

നിലവിലുള്ള കെട്ടിടങ്ങൾ: 6

പ്രവർത്തനം: 2 എണ്ണത്തിൽ മാത്രം

തൊടിയൂർ: ഇടക്കുളങ്ങരയിലെ ബ്ളോക്ക് പഞ്ചായത്ത് കെട്ടിടങ്ങൾക്ക് കാത്തിരിപ്പിനൊടുവിൽ ശാപമോക്ഷമൊരുങ്ങുന്നു. തഴവയിൽ പ്രവർത്തിക്കുന്ന കരുനാഗപ്പള്ളി മണ്ഡലത്തിലെ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ പ്രവർത്തനം ഇവിടേക്ക് താത്കാലികമായി മാറ്റാൻ വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി.

കരുനാഗപ്പള്ളിയിലും പരിസരത്തും വിവിധ സർക്കാർ സ്ഥാപനങ്ങൾ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുമ്പോൾ ഇടക്കുളങ്ങരയിൽ കോടികൾ വിലമതിക്കുന്ന കെട്ടിടങ്ങൾ നശിക്കുന്നത് ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിനാണ് താത്കാലിക പരിഹാരമൊരുങ്ങുന്നത്.

കരുനാഗപ്പള്ളി നഗരസഭ ആയതോടെ 2010ൽ ആണ് ബ്ളോക്ക് പഞ്ചായത്ത് ഇല്ലാതായത്. ബ്ളോക്ക് പഞ്ചായത്ത് ഓഫീസടക്കം ആറ് കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. ബ്ലോക്ക് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടവും ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ നടത്തിയിരുന്ന കാർഷിക വിജ്ഞാന വ്യാപനകേന്ദ്രത്തിന്റെ കെട്ടിടവുമാണ് നിലവിൽ പ്രവർത്തനമുള്ളത്. ഇവിടെ ന്യൂനപക്ഷ യുവജനങ്ങൾക്ക് വേണ്ടിയുള്ള പി.എസ്.സി പരീക്ഷാ പരിശീലന കേന്ദ്രമാണ്. ബ്ലോക്ക് പഞ്ചായത്തോഫീസ് പ്രവർത്തിപ്പിച്ചിരുന്ന ലാറി ബേക്കർ മാതൃകയിലുള്ള ഇരുനില മന്ദിരം, ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവർത്തനം നിറുത്തലാക്കുന്നതിന് തൊട്ടുമുമ്പ് പണി പൂർത്തീകരിച്ചതും ഒരിക്കലും തുറന്നിട്ടില്ലാത്തതുമായ കാന്റീൻ കെട്ടിടം, ലോക്കൽ സെൽഫ് ഗവ. ഡിപ്പാർട്ട്മെന്റ് (എൽ.എസ്.ജി.ഡി ) കെട്ടിടം, ബ്ലോക്ക് ലെവൽ മഹിളാ യൂണിയൻ പ്രവർത്തിച്ചിരുന്ന കെട്ടിടം എന്നിവയാണ് ഒഴിഞ്ഞുകിടന്നിരുന്നത്. വാടകയ്ക്ക് പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾ ഇവിടേക്ക് മാറ്റണമെന്ന് നിരന്തരം ആവശ്യം ഉയർന്നെങ്കിലും ഒന്നും നടപ്പായിരുന്നില്ല.

ശ്രമങ്ങൾ പലതും പാഴായി

കരുനാഗപ്പള്ളിയിലെ നിർദ്ദിഷ്ട കോടതി സമുച്ചയം ഇവിടെ സ്ഥാപിക്കുന്നതിനുള്ള നീക്കങ്ങൾ ഉണ്ടായിരുന്നു. ജില്ലാ ജഡ്ജി നേരിട്ട് സൗകര്യങ്ങൾ പരിശോധിച്ച് സംതൃപ്തി രേഖപ്പെടുത്തി. എന്നാൽ ഇത് ഉപേക്ഷിക്കപ്പെട്ടു. കന്നേറ്റിയിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് ഇവിടേക്ക് മാറ്റാനുള്ള ശ്രമവും ഫലം കണ്ടില്ല. കോടികൾ വിലമതിക്കുന്ന പൊതുസ്വത്ത് നശിക്കുന്നതിനെപ്പറ്റി മുമ്പും കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കോളേജിന്റെ പ്രവർത്തനം ഇവിടേക്ക് മാറുന്നതോടെ കെട്ടിടങ്ങൾക്ക് ശാപമോക്ഷമാകുമെന്നാണ് പ്രതീക്ഷ.

കോളേജിനും നേട്ടം

നിലവിൽ വാടക കെട്ടിടത്തിലാണ് കോളേജ് പ്രവർത്തിക്കുന്നത്. ഇത് ഒഴിയണമെന്ന് ഉടമസ്ഥർ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ്നിലവിൽ ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള ഇടക്കുളങ്ങരയിലെ കെട്ടിടത്തിലേക്ക് കോളേജ് മാറ്റാനുള്ള തീരുമാനം.

ഇവിടെയുള്ള കെട്ടിടങ്ങളിൽ 8 ക്ലാസ് മുറികൾ പ്രവർത്തിപ്പിക്കും.കൂടാതെ താൽക്കാലികമായി 10 ക്ലാസ് മുറികൾ കൂടി സജ്ജീകരിക്കും. 2016ൽ അനുവദിച്ച കോളേജിൽ 300 വിദ്യാർത്ഥികളും 19 അദ്ധ്യാപകരുമാണുള്ളത്.

കോളേജിന് സ്വന്തമായി സ്ഥലം വാങ്ങാനുള്ള പണം മാറ്റി വച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ സ്ഥലം ഏറ്റെടുക്കാൻ കഴിയാതെ വരുകയായിരുന്നു. പകരം സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങളും ഇതുവരെ പൂർത്തിയായില്ല. നാക് അക്രഡിറ്റേഷനുള്ള ഭൗതിക സാഹചര്യങ്ങളുടെ അഭാവത്തിൽ കോളേജിന്റെ അഫിലിയേഷൻ ഉൾപ്പടെ നഷ്ടപ്പെടുമെന്ന ആശങ്ക ഉയർന്നിരുന്നു.

മന്ത്രി വിളിച്ചുചേർത്ത ആർ. രാമചന്ദ്രൻ എം.എൽ.എ, കോളേജ് പ്രിൻസിപ്പൽ ഡോ. വിജയമ്മ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. മജീദ്, തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. ജോസ്, ഗ്രാമവികസന അഡിഷണൽ കമ്മിഷണർ വി.എസ്. സന്തോഷ് കുമാർ, സ്റ്റേറ്റ് പെർഫോമൻസ് ഓഡിറ്റ് ഓഫീസർ എം.എസ്. ബിജുക്കുട്ടൻ, ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി അനിൽകുമാർ, ഓച്ചിറ ബി.ഡി.ഒ ആർ. അജയകുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

300 വിദ്യാർത്ഥികൾ

19 അദ്ധ്യാപകർ

സജ്ജീകരിക്കുന്നത് 8 ക്ലാസ് മുറികൾ

താത്കാലികമായി 10 മുറികൾ കൂടി