navas
കാരാളിമുക്ക് - റെയിൽവേ സ്റ്റേഷൻ റോഡ് തകർന്ന നിലയിൽ

ശാസ്താംകോട്ട: കാരാളിമുക്ക് - ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ റോഡിലൂടെയുള്ള യാത്ര ദുസഹമാണെന്ന് യാത്രക്കാരുടെ പരാതി. ആയിരക്കണക്കിന് പേർ ദിവസേനെ യാത്ര ചെയ്യുന്ന റോഡിന്റെ പല ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. റോഡിൽ അറ്റകുറ്റപ്പണി നടത്തിയിട്ട് പത്ത് വർഷത്തിലധികമായെന്ന് നാട്ടുകാർ പറയുന്നു. റെയിൽവേ സ്റ്റേഷനിലേക്കുള്ള പ്രധാന പാതയായതിനാൽ രാവിലെയും വൈകിട്ടും റോഡിൽ വലിയ തിരക്കാണനുഭവപ്പെടുന്നത്. ഒരേ സമയം നൂറു കണക്കിന് വാഹനങ്ങൾ കടന്നു വരുന്ന വീതി കുറഞ്ഞ റോഡിന്റെ പല ഭാഗങ്ങളിലും കുഴി രൂപപ്പെട്ടതിനാൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവ് സംഭവമാണ്. മുമ്പ് ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് ഈ റോഡ് നിർമ്മിച്ചത്. ഇപ്പോൾ വീതി കുറവാണെന്ന കാരണത്താൽ ജില്ലാ പഞ്ചായത്തിന് അറ്റകുറ്റപ്പണി നടത്താൻ കഴിയില്ലെന്നാണ് അധികൃതരുടെ വാദം. മൈനാഗപ്പള്ളി, പടിഞ്ഞാറേ കല്ലട പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്നത് കൊണ്ട് പഞ്ചായത്തുകളും റോഡിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറല്ല.

റോഡിനോടുള്ള അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ച് ജനകീയ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രദേശവാസികൾ.

ഭീഷണിയായി മാലിന്യക്കൂമ്പാരം

കാരാളിമുക്ക് - റെയിൽവേ സ്റ്റേഷൻ റോഡിൽ മാലിന്യം തള്ളുന്നത് പതിവ് സംഭവമാണ്. റോഡിന്റെ വശങ്ങളിൽ കാടു പിടിച്ചു കിടക്കുന്ന ഭാഗങ്ങളിലും വഴിവിളക്കുകൾ ഇല്ലാത്ത സ്ഥലത്തുമാണ് വലിയ ചാക്കുകളിൽ മാലിന്യം തള്ളുന്നത്. ഇതു മൂലം പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യവും വർദ്ധിച്ചിട്ടുണ്ട്. പ്രദേശത്ത് സുരക്ഷാ കാമറകൾ സ്ഥാപിക്കണമെന്ന് അധികൃതരോട് പല തവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

6 മീറ്ററോളം വീതിയുള്ള റോഡിൽ 3 മീറ്റർ മാത്രമാണ് ടാർ ചെയ്തിട്ടുള്ളത്

 10 വർഷത്തിലധികമായി റോഡിൽ അറ്റകുറ്റപ്പണി നടത്തിയിട്ട്

ബസ് സർവീസ് ആരംഭിക്കണം

റോഡിന്റെ വീതി കൂട്ടി രാവിലെയും വൈകിട്ടും ഇതുവഴി ബസ് സർവീസ് ആരംഭിച്ചാൽ റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രക്കാർക്ക് ഉപകാരമാകുമെന്ന് നാട്ടുകാർ പറയുന്നു. വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും അടക്കം നൂറുകണക്കിന് യാത്രക്കാരാണ് പ്രധാന പാതയിലുള്ള ഓവർ ബ്രിഡ്ജിനു സമീപം ബസിറങ്ങി ഒരു കിലോമീറ്റർ നടന്ന് റെയിൽവേ സ്റ്റേഷനിലെത്തുന്നത്.