photo
കസ്റ്റഡി കാലാവധി കഴിഞ്ഞ ആമിറിനെയും നസറിനെയും കാഞ്ഞിരക്കോട് താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്കായി കൊണ്ടുവന്നപ്പോൾ

കുണ്ടറ: ഇറാനിയൻ സ്വദേശികളായ ദമ്പതികൾ ഇന്ത്യയിൽ നടത്തിയ ഇടപാടുകളും സംശയനിഴലിൽ. ഇന്ത്യയിലെത്തുമ്പോൾ 10000 യു.എസ്. ഡോളറുണ്ടെന്നാണ് അധികൃതരെ അറിയിച്ചിരുന്നത്.ഡൽഹിയിലെ കരോൾബാഗിൽ 2400 യു.എസ്. ഡോളർ നല്‍കി ഇന്ത്യൻ കറൻസി വാങ്ങിയിരുന്നു. 180000 രൂപ എന്തിനായി ഉപയോഗിച്ചുവെന്ന് വ്യക്തമാക്കാനായിട്ടില്ല. ഇവരുടെ പക്കലുണ്ടായിരുന്ന മൊബൈൽ സിം കാർഡുകൾ മുഴുവൻ തമിഴ്‌നാട്ടിൽ നിന്നാണ് സ്വന്തമാക്കിയത്. പിടിയിലായ ആമിറും നസറിനും സഞ്ചരിച്ചിരുന്ന ഫോർഡ് ഫിയസ്റ്റ കാർ ഡൽഹിയിലെ സുഹൃത്തായ അലി നല്‍കിയെന്നാണ് പൊലിസിനോട് പറഞ്ഞത്. കാറിന്റെ രജിസ്‌ട്രേഷൻ രേഖകൾ ഇവരുടെ കൈവശമുണ്ടായിരുന്നില്ല. കാറിനെ കുറിച്ചും പോലിസ് അന്വേഷിച്ചുവരികയാണ്. ഇവർക്കൊപ്പമുണ്ടായിരുന്നവരെപ്പറ്റിയും ഡൽഹിയിലെ സുഹൃത്ത് അലിയെപ്പറ്റിയുമുള്ള വിവരങ്ങൾ നൽകാൻ ഇരുവരും തയ്യാറാവുന്നില്ല. ഇവർ നടത്തിയ ഫോൺവിളികളുടെ വിശദാംശങ്ങൾ പൊലിസ് ശേഖരിച്ചുവരികയാണ്. ആശയവിനിമയം ഏറെയും വാട്ട്‌സ്ആപ്പ് കോളുകൾ വഴിയും ടെക്‌സ്റ്റ്‌ചെയ്തുമാണ് നടത്തിയതെന്ന് സംശയിക്കുന്നു. മൊബൈൽ ഫോണിലെ സന്ദേശങ്ങൾ മുഴുവൻ നീക്കം ചെയ്തിട്ടുണ്ട്. കസ്റ്റഡി കാലാവധി കഴിഞ്ഞ ആമിറിനെയും നസറിനെയും കാഞ്ഞിരക്കോട് താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.