കൊല്ലം: ജില്ലാ മൈനിംഗ് ആന്റ് ജിയോളജി ഓഫീസിലും പാറ ക്വാറികളും വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തി. മിക്ക ക്വാറികളും പരിസ്ഥിതി ദുർബല മേഖലയിലാണ് പ്രവർത്തിക്കുന്നതെന്നും പാരിസ്ഥിതികാനുമതി നൽകുന്നതിൽ വൻ അഴിമതി നടക്കുന്നുവെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൊല്ലം വിജിലൻസ് ഡിവൈ.എസ്.പി കെ.അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയ വീഴ്‌ചകൾ വിജിലൻസ് മേധാവിക്ക് വൈകാതെ സമർപ്പിക്കും. കൊല്ലം മൈനിംഗ് ആന്റ് ജിയോളജി ഓഫീസിലും ക്രഷർ യൂണിറ്റിലും ഗുരുതരമായ വീഴ്ചകളാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്.
വാളകത്ത് 16 പാസ്, പോയത് 29 ലോഡ്
കൊട്ടാരക്കര വാളകത്തുള്ള ഒരു ക്വാറിയിൽ ഇന്നലെ രാവിലെ ആറ് മുതൽ 11 മണിവരെ 16 ഇ-പാസ് നൽകിയെന്നാണ് രേഖകളിലെങ്കിലും 29 ലോഡ് പോയതായി ഔട്ട്പാസ് ബുക്കിൽ കണ്ടെത്തി. ബ്ലാസ്റ്റർ ലൈസൻസുള്ള തൊഴിലാളികളില്ലാതെയാണ് പാറ പൊട്ടിക്കൽ നടത്തിയിരുന്നത്.
ഇ പാസിൽ 40 വണ്ടികൾ ഒൗട്ട് പാസിൽ 65 വണ്ടികൾ
കടയ്‌ക്കോട് ചൂഴത്തിലുള്ള ക്വാറിയിൽ 65 വാഹനത്തിന് പാറ കൊണ്ടുപോകുന്നതിന് പാസ് നൽകിയതായി ഔട്ട്പാസ്ബുക്കിൽ കണ്ടെങ്കിലും 40 വാഹനത്തിന് 16 ഇ-പാസ് ആണ് നൽകിയിട്ടുള്ളത്. ആഗസ്റ്റ് 24ന് ശേഷം എക്‌സ്‌പ്ലോസീവ് രജിസ്റ്ററിൽ എൻട്രികൾ ഒന്നും രേഖപ്പെടുത്തിയിരുന്നില്ല. ബ്ലാസ്റ്റർ ലൈസൻസുള്ള തൊഴിലാളികളാരും ഇല്ലാത്ത ഇവിടെ മൈനിംഗ് ഏരിയ വേലികെട്ടിത്തിരിച്ചിരുന്നില്ല.
നെടുവത്തൂർ ആനക്കോട്ടൂരെ ക്വാറിയിൽ ടോട്ടൽ സ്റ്റേഷൻ പരിശോധന ഇതുവരെ പൂർത്തിയായിട്ടില്ല. പരിശോധന പൂർത്തിയായെങ്കിൽ മാത്രമേ ക്രമക്കേട് കണ്ടെത്താൻ കഴിയുകയുള്ളു. അതിനാൽ ഇവിടെ ഇന്നും പരിശോധന തുടരും. ഇൻസ്‌പെക്ടർമാരായ എം.എം.ജോസ്, പ്രമോദ് കൃഷ്ണൻ, എൻ.രാജേഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.