x
കൈക്കൂലി

കൊല്ലം: നഗരസഭാ ഉദ്യോഗസ്ഥർക്ക് നേരെയുള്ള കൈക്കൂലി ആരോപണം വീണ്ടും ശക്തമാകുന്നു. കൈക്കൂലി നൽകിയാൽ അപേക്ഷ നൽകുന്ന ദിവസം തന്നെ കാര്യം സാധിച്ച് തിരികെ വീട്ടിലെത്താം. ഇല്ലെങ്കിൽ മാസങ്ങളോളം അപേക്ഷ അലമാരയിലിരിക്കും. നഗരസഭയിൽ കയറിയിറങ്ങി അപേക്ഷകന്റെ ചെരുപ്പ് തേഞ്ഞാലും കാര്യം നടക്കില്ല.

നഗരസഭാ കൗൺസിൽ യോഗത്തിൽ ഭരണപക്ഷ കൗൺസിലർമാർ തന്നെ ഉദ്യോഗസ്ഥർക്കെതിരെ പലതവണ കൈക്കൂലി ആരോപണം ഉയർത്തിയിട്ടുണ്ട്. ചട്ടവിരുദ്ധമായ കാര്യങ്ങൾ നടത്താൻ ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ടെന്നും കൗൺസിലർമാർ പരസ്യമായി തുറന്നടിച്ചിട്ടുണ്ട്. എന്നാൽ ആർക്കെതിരെയും സമീപ കാലത്തെങ്ങും ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത.

 എന്ന് വരും ഫ്രണ്ട് ഓഫീസ്

അധികൃതർ വർഷങ്ങളായി പറയുന്ന സ്ഥിരം പല്ലവിയാണ് കൈക്കൂലി അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഫ്രണ്ട് ഓഫീസ് സംവിധാനം ശക്തമാക്കുമെന്നത്. ഏത് അപേക്ഷയും ഫ്രണ്ട് ഓഫീസിൽ നൽകിയാൽ മതി. നിശ്ചിത ദിവസത്തിനുള്ളിൽ അപേക്ഷ തീർപ്പാക്കി അറിയിക്കും. അപേക്ഷകളിൽ പോരായ്മകളുണ്ടെങ്കിലും അറിയിപ്പ് നൽകും എന്നൊക്കെയാണ് വീമ്പിളക്കിയിരുന്നത്. എന്നാൽ യാതൊരു മാറ്റവും ഇതുവരെ ഉണ്ടായിട്ടില്ല.

'ചില്ലറ കൊടുത്താൽ കാര്യം ഇന്ന് തന്നെ നടക്കും'

ഉളിയക്കോവിൽ സ്വദേശിയായ വീട്ടമ്മ വീടിന്റെ പെർമിറ്റ് മക്കളുടെ പേരിലേക്ക് മാറ്റാൻ രണ്ടരമാസം മുൻപ് റവന്യൂ വിഭാഗത്തിന് അപേക്ഷ നൽകിയിരുന്നു. പലതവണ കയറിയിറങ്ങിയിട്ടും ഉദ്യോഗസ്ഥർ അപേക്ഷ പരിശോധിക്കാൻ പോലും തയ്യാറായില്ലെന്ന് വീട്ടമ്മ പറയുന്നു. ഓരോ ദിവസം വരുമ്പോഴും ഒന്നുകിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ സീറ്റിലുണ്ടാകില്ല. അല്ലെങ്കിൽ അവധിയായിരിക്കും. മറ്റ് ഉദ്യോഗസ്ഥരോട് കാര്യം തിരക്കിയാൽ ചീറിക്കടിക്കും. ഒടുവിൽ അപേക്ഷക ഒരു സ്ഥിരം സമിതി അദ്ധ്യക്ഷനെ കാര്യം ധരിപ്പിച്ചു. അദ്ദേഹം റവന്യൂ ഓഫീസറെ നേരിൽ വിളിച്ചതോടെ ഉദ്യോഗസ്ഥർ അലമാര പരതി അപേക്ഷ കണ്ടെത്തി. നിമിഷങ്ങൾക്കുള്ളിൽ ഒരു ഉദ്യോഗസ്ഥനെ സ്ഥല പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു. സ്ഥലം പരിശോധിച്ച ശേഷം ഉദ്യോഗസ്ഥൻ അപേക്ഷകയോട് പറഞ്ഞു. ' ചില്ലറ എന്തെങ്കിലും കൊടുത്താൽ ഇന്ന് തന്നെ കാര്യം നടക്കും. നേരത്തേ കൊടുത്തിരുന്നെങ്കിൽ അന്നേ നടന്നേനെ'. ഇത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇടപെട്ട കേസാണെന്ന് അപേക്ഷക പറഞ്ഞതോടെ ഉദ്യോഗസ്ഥനാകെ പരിഭ്രമിച്ചു. " എങ്കിൽ പിന്നെ ഒന്നും വേണ്ട. ഞാൻ പറഞ്ഞ കാര്യം പുറത്ത് പറയാതിരുന്നാൽ മതി.' എന്നായി. തൊട്ടടുത്ത ദിവസം തന്നെ കാര്യം സാധിച്ച് നൽകുകയും ചെയ്തു.