കൊല്ലം: കേരളത്തിൽ നിന്നും പച്ചക്കറി കയറ്റി അയയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കടപ്പാക്കടയിൽ ആരംഭിച്ച തളിർ ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൈനാപ്പിളും നേന്ത്രക്കായയുമാണ് ആദ്യം കയറ്റി അയയ്ക്കുന്നത്. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിനാണ് ചുമതല. കയറ്റുമതി ചെയ്യാനുള്ള ഉല്പന്നങ്ങൾ മാത്രം കൃഷി ചെയ്യാൻ കർഷകരുടെ കൂട്ടായ്മ രൂപീകരിച്ച് പരിശീലനം നൽകുന്നുണ്ട്. എറണാകുളത്ത് 1200 ടൺ ശേഷിയുള്ള ശീതീകരിച്ച സംഭരണശാല ആരംഭിക്കും. കാർഷിക ഉല്പന്നങ്ങൾക്ക് വില കുറയുമ്പോൾ പച്ചക്കറി സംഭരിച്ച് ഈ ശീതീകരണശാലയിൽ സൂക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.
എം. നൗഷാദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മേയർ വി. രാജേന്ദ്രബാബു ആദ്യവില്പന നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി കളക്ഷൻ സെന്ററും ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ് ഓർഗാനിക് ഇൻപുട്ട് സെന്ററും ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ റീന സെബാസ്റ്റ്യൻ, എൻ. മോഹനൻ, ഡി.സി.സി സെക്രട്ടറി എസ്. ശ്രീകുമാർ, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ സിബി ജോസഫ് പേരയിൽ, സി.പി.എം ഏരിയാ സെക്രട്ടറി എ.എം. ഇക്ബാൽ, എ. ബിജു, ശൈലേന്ദ്രബാബു, പി.എ. അബ്ദുള്ള ഹാഷിം, കെ.ആർ. മോഹനൻപിള്ള, കെ. തമ്പാൻ, സി. ഹരീഷ്, ആർ. ചന്ദ്രമോഹനൻ തുടങ്ങിയവർ സംസാരിച്ചു.