കൊല്ലം: ഓണം പ്രമാണിച്ച് എക്സൈസും ആർ.പി.എഫും സംയുക്തമായി കൊല്ലം റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന അര ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങൾ പിടിച്ചെടുത്തു.
കൊച്ചുവേളി- ബാംഗ്ലൂർ എക്‌സ്‌പ്രസിൽ നിന്നാണ് ബാഗുകളിലാക്കി കൊണ്ടുവന്ന 50 കിലോ പുകയില ഉല്പന്നങ്ങൾ പിടിച്ചത്. കടത്തിക്കൊണ്ടുവന്നവരെ പിടികൂടാനായില്ല. ബാഗുകൾ ആളൊഴിഞ്ഞ ബോഗിയിൽ സൂക്ഷിച്ച ശേഷം പ്രതികൾ മറ്റേതെങ്കിലും കോച്ചിൽ സഞ്ചരിക്കുകയായിരുന്നുവെന്നാണ് സംശയം. ബാഗുകളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കി. കൊല്ലം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഐ. നൗഷാദ്, ആർ.പി.എഫ് എസ്.ഐ ഗോപാലകൃഷ്ണൻ, എക്‌സൈസ് പ്രിവന്റീവ് ഓഫീസർ രാജു, സിവിൽ എക്‌സൈസ് ഓഫീസർമാരായ ദിലീപ് കുമാർ, അനീഷ്, സതീഷ് ചന്ദ്രൻ ,ബിജുമോൻ, സിദ്ധു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.