കരുനാഗപ്പള്ളി: പരിസ്ഥിതിക്ക് നാശം വരാത്ത വിധം മാലിന്യങ്ങൾ ഉറവിടങ്ങളിൽ വെച്ച് തന്നെ സംസ്കരിക്കണമെന്ന് ആർ. രാമചന്ദ്രൻ എം.എൽ.എ ആവശ്യപ്പെട്ടു. ജോൺ എഫ്. കെന്നഡി മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പള്ളിക്കലാറിന്റെ പ്രവാഹ വഴികളെ കുറിച്ചുള്ള പതിപ്പ് പ്രകാശനവും സെമിനാറും ശ്രീനാരായണഗുരു പവലിയനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കായലുകൾ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറുന്നതിനെതിരെ പൊതു സമൂഹം ജാഗ്രത പാലിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. പള്ളിക്കലാറിന്റെ പ്രവാഹ വഴികളെ കുറിച്ചുള്ള ആദ്യ പതിപ്പ് ആർ. രാമചന്ദ്രൻ എം.എൽ.എ മാദ്ധ്യമ പ്രവർത്തകൻ പി.കെ. അനിൽകുമാറിന് കൈമാറി. വി.കെ. മധുസൂദനൻ വിഷയാവതരണം നടത്തി. പി.ടി.എ പ്രസിഡന്റ് ലാൽജി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് പനക്കുളങ്ങര, കൗൺസിലർമാരായ ശാലിനി കെ. രാജീവൻ, എം.കെ. വിജയഭാനു, പി. തമ്പാൻ, എൻ.സി. ശ്രീകുമാർ, ബി. മോഹൻദാസ്, എം. ഷംസുദ്ദീൻ കുഞ്ഞ്, പ്രീതി രമേശ് ബാബു, പരിസ്ഥിതി പ്രവർത്തകൻ ഡോ. സുമൻജിത്ത് മിഷ, കാട്ടൂർ ബഷീർ, ഷാജഹാൻ രാജധാനി, എം.എസ്. ഷിബു, എ.എം. മുർഷിദ്, സുധീന അൻസാർ എന്നിവർ പ്രസംഗിച്ചു. മാനേജർ മായാ ശ്രീകുമാർ സ്വാഗതവും ടി. രാജീവ് നന്ദിയും പറഞ്ഞു.