c
രഞ്ജിത്ത് ആനയ്ക്കൊപ്പം

പാരിപ്പളളി: മണ്ണിടിച്ചിലിനെ തുടർന്ന് ഭിത്തി തകർന്ന് രഞ്ജിത്ത് മരിച്ചതോടെ ഒരു കുടുംബത്തിന്റെ ഏക ആശ്രയമാണ് ഇല്ലാതായത്. ഇളംകുളം മണി ദീപത്തിൽ അവിവാഹിതനായ രഞ്ജിത്തിന്റെ വരുമാനത്തെ ആശ്രയിച്ചാണ് കുടുംബം കഴിഞ്ഞിരുന്നത്. പ്രമേഹം കലശലായതിനെ തുടർന്ന് ഇരുകാലുകളും മുറിച്ചുമാറ്രിയതിനാൽ പിതാവ് മണീന്ദ്രൻ ദീർഘനാളായി കിടപ്പിലാണ്.മാതാവായ ഉഷാകുമാരിയും സഹോദരങ്ങളായ രമ്യയും അക്ഷയയും അടങ്ങുന്ന കുടുംബത്തിന്റെ ഇനിയുള്ള ജീവിതം വഴിമുട്ടിയ നിലയിലാണ്.

മൂത്ത സഹോദരി രമ്യ വിവാഹിതയാണ്. ഭർത്താവിന് കലിപ്പണിയാണ്. ഇളയ സഹോദരി അക്ഷയ പി.എസ്.സി കോച്ചിംഗ് പോകുന്നു.വയലിനോട് ചേർന്ന് 12 സെന്റ് സ്ഥലം മാത്രമാണ് സ്വന്തമായുള്ളത്. അവിടെ ഇ.എം.എസ് ഭവന പദ്ധതി പ്രകാരം പഞ്ചായത്തിൽ നിന്നും ലഭിച്ച വീട്ടിലാണ് അന്തിയുറങ്ങുന്നത്.

പാപ്പാനായി ഏട്ട് വർഷത്തോളമായി തൃശൂരും മറ്റ് സ്ഥലങ്ങളിലും ജോലി നോക്കിയിരുന്ന രഞ്ജിത്ത് ഏകദേശം ഒരു വർഷം മുമ്പാണ് പുത്തൻകുളത്ത് എത്തിയത്. അച്ഛൻ കിടപ്പിലായതോടെയാണ് നാട്ടിൽത്തന്നെ ജോലി നോക്കാൻ തീരുമാനിച്ചത്. കുടുംബത്തിനുവേണ്ടി ഉഴിഞ്ഞുവച്ച ജീവിതമാണ് ദുരന്തം കവർന്നത്.

.പാരിപ്പളളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്രുമോർട്ടം കഴിഞ്ഞ് വെളളിയാഴ്ച ഉച്ചയോടെ മൃതദേഹം വീട്ടു വളപ്പിൽ സംസ്കരിച്ചു.