പത്തനാപുരം: പൊതുപ്രവർത്തനരംഗത്തെ വിശുദ്ധി കാത്തുസൂക്ഷിക്കാനും താൻ വിശ്വസിച്ച ആദർശങ്ങളിൽ ഉറച്ചുനിന്നു പ്രവർത്തിക്കാനും എന്നും ശ്രദ്ധിച്ചിരുന്ന ജനനേതാവായിരുന്നു തെങ്ങമം ബാലകൃഷ്ണനെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ഗാന്ധിഭവനിൽ തെങ്ങമം ബാലകൃഷ്ണൻ അനുസ്മരണം ഉദ്ഘാടനവും തെങ്ങമത്തിന്റെ പേരിൽ ഏർപ്പെടുത്തിയ അവാർഡ്ദാനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തെങ്ങമത്തിന്റെ പേരിൽ ഗാന്ധിഭവനും തെങ്ങമം ഫൗണ്ടേഷനും ചേർന്ന് ഏർപ്പെടുത്തിയ, 11,111 രൂപയും ശിൽപവും അടങ്ങുന്ന മാധ്യമ അവാർഡ് അമൃത ടി.വി. കൺസൾട്ടിംഗ് എഡിറ്റർ ജെ.എസ്. ഇന്ദുകുമാറിന് ഉമ്മൻചാണ്ടി സമ്മാനിച്ചു. കെ.ജി. രവി എഴുതിയ ചരിത്രസ്മരണകൾ എന്ന ഗ്രന്ഥം സ്‌നേഹരാജ്യം ചീഫ് എഡിറ്റർ പി.എസ്. അമൽരാജിന് നൽകി ഉമ്മൻചാണ്ടി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ജഗദമ്മ അധ്യക്ഷത വഹിച്ചു. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, അവാർഡ് ജൂറി ചെയർമാനും എം.ജി. സർവകലാശാല ജേർണലിസം വിഭാഗം മുൻ മേധാവിയുമായിരുന്ന പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള, തെങ്ങമം ഫൗണ്ടേഷൻ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അഡ്വ. എസ്. വേണുഗോപാൽ, ജെ.എസ്. ഇന്ദുകുമാർ, സി.ആർ. നജീബ്, കെ.ജി. രവി, എഴുകോൺ നാരായണൻ, എം. ഷേക്ക്പരീത് എന്നിവർ പ്രസംഗിച്ചു.