എഴുകോൺ: ഇറച്ചിക്കോഴി വിൽപ്പന കേന്ദ്രത്തിൽ നിന്ന് കൂടോടെ കോഴികളെ മോഷ്ടിച്ച കേസിൽ രണ്ടുപേർ കൂടി പിടിയിലായി. എഴുകോൺ വെട്ടിലക്കോണം സ്നേഹാലയത്തിൽ സാബുവിന്റെ ഉടമസ്ഥതയിൽ നെടുമ്പായിക്കുളത്തുള്ള സ്ഥാപനത്തിൽ മോഷണം നടത്തിയ കേസിൽ രണ്ടാം പ്രതി കൊല്ലം വടക്കേവിള തേജസ് നഗർ 130ൽ മുഹമ്മദ് താരിഖ് (20), മൂന്നാം പ്രതി മയ്യനാട് വലിയവിള സുനാമി ഫ്ലാറ്റിൽ തൻസിം (21) എന്നിവരെയാണ് എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതി കൊല്ലം തട്ടാമല അൽത്താഫ് മൻസിലിൽ അൽത്താഫ് (20) സംഭവ ദിവസം തന്നെ പിടിയിലായിരുന്നു.
ആഗസ്റ്റ് 22ന് പുലർച്ചെ 3ഓടെ ബൈക്കിലെത്തിയ മൂന്നംഗ സംഘം കോഴികളെ കൂടോടെ മോഷ്ടിക്കുകയായിരുന്നു. സ്ഥാപനത്തിലെ തൊഴിലാളികൾ സമീപത്തുള്ള ചായക്കടയിൽ ചായ കുടിച്ചിരിക്കവെ കടയിൽ ആരുമില്ലെന്ന് മനസിലാക്കിയ മോഷ്ടാക്കൾ കോഴിക്കൂടുമെടുത്ത് കടക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പിടിയിലായവർ വിവിധ സ്റ്റേഷനുകളിലായി വാഹന മോഷണമടക്കം നിരവധി കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. എഴുകോൺ സി.ഐ ശിവപ്രകാശിന്റെ നേതൃത്വത്തിൽ ക്രൈം എസ്.ഐ രവികുമാർ, എ.എസ്.ഐ സന്തോഷ്, എസ്.സി.പി.ഒമാരായ പ്രദീപ്, ബിനു ജോർജ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.