കുണ്ടറ: എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ നിർദ്ധനയായ വിധവയ്ക്ക് വീടുവച്ച് നൽകുന്നു. പട്ടംതുരുത്ത് എസ്.കെ.എസ്. നിവാസിൽ പരേതനായ സന്തോഷിന്റെ ഭാര്യ അജീനയ്ക്കാണ് വീട് നിർമ്മിച്ചു നൽകുന്നത്. തകര ഷീറ്റുകൊണ്ടുള്ള ഷെഡിലാണ് ഓട്ടിസം ബാധിച്ച കുഞ്ഞടക്കമുള്ള മൂന്നംഗ കുടുംബം കഴിയുന്നത്. നിർമ്മാണത്തൊഴിലാളിയായിരുന്ന സന്തോഷ് ഒരുവർഷം മുമ്പ് മരിച്ചതോടെ അഭിഷേക് (14), അക്ഷയ് (10) എന്നീ മക്കളടങ്ങുന്ന കുടുംബം പട്ടിണിയിലായി. അജീന ബിരുദധാരിയാണ്. ഓട്ടിസം ബാധിച്ച മകനെ പരിചരിക്കേണ്ടതിനാൽ ഇവർക്ക് ജോലിക്കുപോകാനുമാവില്ല. ഷീറ്റുകൊണ്ടു മറച്ച ചായ്പിൽ കഴിയുന്ന നിർദ്ധന കുടുംബത്തിന് സർക്കാർ ആനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ല. വെള്ളാപള്ളി നടേശൻ സ്നേഹഭവന പദ്ധതിയിലാണ് ഇവർക്ക് വീട് നിർമ്മിക്കുന്നത്. വീടിന്റെ ശിലാസ്ഥാപനം തിങ്കളാഴ്ച ഒൻപതിന് എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ നിർവഹിക്കും. കുണ്ടറ യൂണിയൻ അഡ്മിനിസ്ട്രേറ്റർ ബി.ബി. ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. നാല് ലക്ഷം രൂപയാണ് വീട് നിർമ്മിക്കുന്നതിന് ചെലവ് പ്രതീക്ഷിക്കുന്നത്.