പടിഞ്ഞാറേക്കല്ലട: പരിസരവാസികൾക്ക് ഭീഷണിയായി റെയിൽവേ ലൈനിന് സമീപമുണ്ടായിരുന്ന കാട് ഒടുവിൽ വെട്ടിത്തെളിച്ചു. കണ്ണങ്കാട്ട് കടവ് മുതൽ കാരാളിമുക്ക് വരെയുള്ള റെയിൽവേ ലൈനിന്റെ ഇരുവശത്തമുള്ള കാടാണ് റെയിൽവേ ജീവനക്കാരുടെ നേതൃത്വത്തിൽ വെട്ടിത്തെളിച്ചത്. കാട് ജനങ്ങൾക്കുണ്ടാക്കിയിരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ജൂലായ് 25ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് അധികൃതർ വിഷയത്തിൽ ഇടപെട്ടത്.
മുമ്പ് കാട് വെട്ടിത്തെളിക്കുന്നതിന് റെയിൽവേ ടെണ്ടർ നൽകിയിരുന്നു. ടെൻഡർ എടുക്കുന്നവർ വർഷത്തിൽ ഒന്ന് രണ്ട് തവണ കാടുകൾ പൂർണമായും വെട്ടിത്തെളിക്കുകയായിരുന്നു പതിവ്. എന്നാൽ അടുത്തകാലത്തൊന്നും ഈ പ്രവൃത്തി നടന്നിരുന്നില്ല. നിയമപ്രശ്നങ്ങളെ ഭയന്ന് പ്രദേശവാസികളും ഇതിന് മിനക്കെട്ടില്ല. ഇതോടെയാണ് പ്രദേശം കാടുമൂടിയത്. മഴക്കാലമായതോടെ ഇഴജന്തുക്കളുടെ ശല്യവും വർദ്ധിച്ചു.ഇത്തരം കാടുകളിൽ പതിയിരുന്ന് ഓടുന്ന ട്രെയിനുകളിലേക്ക് സാമൂഹ്യ വിരുദ്ധർ കല്ലെറിയുന്ന സംഭവവും ഉണ്ടായിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു കേരളകൗമുദിയിലെ വാർത്ത. വാർത്ത വഴിത്തിരിവായതോടെ ഇഴജന്തുക്കളെയും സാമൂഹ്യവിരുദ്ധരെയും ഭയക്കാതെ വഴിനടക്കാനാകുമെന്ന ആശ്വാസത്തിലാണ് പ്രദേശവാസികൾ.