കൊല്ലം: ജീവിതത്തിന്റെ വൈവിദ്ധ്യങ്ങളായ കാലങ്ങളെ നിറങ്ങളിലൂടെ അടയാളപ്പെടുത്തിയ സമാനതകളില്ലാത്ത ചിത്രങ്ങളുടെ പ്രദർശനം കാണാൻ ആശ്രാമം 8 പോയിന്റ് ആർട് കഫേയിൽ തിരക്കേറുന്നു. കൊല്ലം സിദ്ധാർത്ഥ ഫൗണ്ടേഷന്റെ എട്ടാം ചിത്രകലാ പുരസ്‌കാരത്തിനായി ലഭിച്ച നൂറ് കണക്കിന് ചിത്രങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 65 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ലളിതകലാ അക്കാദമി കഴിഞ്ഞാൽ ഏറ്റവും വലിയ ചിത്രകലാ പുരസ്‌കാരം നൽകുന്നത് സിദ്ധാർത്ഥ ഫൗണ്ടേഷനാണ്. 25000 രൂപയും പ്രശംസാപത്രവും ബുദ്ധന്റെ പ്രതിമയും അടങ്ങുന്ന പുരസ്‌കാരത്തിനായി രാജ്യത്തിന് പുറത്ത് നിന്നുൾപ്പെടെ ചിത്രങ്ങൾ ലഭിക്കാറുണ്ട്.
ചിത്രകലാ പുരസ്‌കാരത്തിന്റെ അവസാന ഘട്ടത്തിലേക്ക് പരിഗണിച്ച 65 ചിത്രങ്ങളും മികവിന്റെ അടയാളങ്ങളാണെന്ന് പ്രദർശനം സാക്ഷ്യപ്പെടുത്തുന്നു. 60 ലക്ഷത്തോളം രൂപയുടെ മൂല്ല്യം വരുന്നതാണ് ചിത്രങ്ങൾ.
ഒന്നര പതിറ്റാണ്ടിലേറെയായി കലാ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിൽ ശ്രദ്ധേയമായ ഇടപെടലുകളാണ് സിദ്ധാർത്ഥ ഫൗണ്ടേഷൻ നടത്തുന്നത്. സിദ്ധാർത്ഥ ഫൗണ്ടേഷന്റെ സഹായത്തോടെയാണ് എം.വി.ദേവൻ കലാഗ്രാമത്തിന്റെ പ്രവർത്തനങ്ങളും നടക്കുന്നത്. സിദ്ധാർത്ഥ സാഹിത്യ ചിത്രകലാ പുരസ്‌കാരങ്ങൾ ഇന്ന് വൈകിട്ട് ആറിന് ആശ്രാമം 8 പോയിന്റ് ആർട് കഫേയിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ വിതരണം ചെയ്യും. സാഹിത്യ പുരസ്‌കാരം കവി പ്രഭാവർമ്മയും ചിത്രകലാ പുരസ്‌കാരം പൊള്ളാച്ചി കാഴ്‌ചകൾ എന്ന ചിത്രം വരച്ച ഉദയകുമാറും ഏറ്റുവാങ്ങും. ഇതിന് അനുബന്ധമായി രാവിലെ 10 മുതൽ ചിത്രകാരൻ സുനിൽ ലിനസ്ഡെ വാട്ടർ കളർ ഡെമോൺസ്ട്രേഷൻ നടത്തും.