പാരിപ്പള്ളി: ഉപേക്ഷിക്കപ്പെട്ടവരെ സംരക്ഷിക്കുന്നതിലൂടെ ഗാന്ധിഭവൻ ലോകത്തിനാകെ മാതൃകയാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. വേളമാനൂർ ഗാന്ധിഭവൻ സ്‌നേഹാശ്രമത്തിലെ ഗുരുവന്ദനവും ഓണാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊല്ലം ശ്രീനാരായണ കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. സുനിൽകുമാർ ഓണസന്ദേശം നൽകി. സ്‌നേഹാശ്രമത്തിന്റെ വികസനപ്രവർത്തനങ്ങൾക്കായി സ്വരൂപിക്കുന്ന സ്‌നേഹനിധിയുടെ ആദ്യ ഗഡുവായി കെ. മുരളീധരക്കുറുപ്പിൽ നിന്ന് ആയിരം രൂപ സ്വീകരിച്ച് ഗാന്ധിഭവൻ പേഴ്‌സണൽ മാനേജർ സാബു ഉദ്ഘാടനം ചെയ്തു. സ്‌നേഹാശ്രമത്തിലെ 20 അന്തേവാസികൾക്കും 8 ജീവനക്കാർക്കും ചലച്ചിത്രതാരം ശ്രീലതാ നമ്പൂതിരി ഓണക്കോടി വിതരണം ചെയ്തു. എം.ജി.എം കരുണാ സെൻട്രൽ സ്‌കൂൾ, ശബരികോളേജ്, പാരിപ്പള്ളി ലയൺസ് ക്ലബ് എന്നീ സ്ഥാപനങ്ങളും ആശ്രമത്തിലെ 20 പേർക്കും ഓണക്കോടിയും ഓണക്കിറ്റും നൽകി.
ആർ. കരുണാകരൻനായർ, എസ്. രാമചന്ദ്രൻപിള്ള, പാമ്പുറം കെ. രാഘവൻപിള്ള തുടങ്ങി 38 അദ്ധ്യാപകരെ ചടങ്ങിൽ ആദരിച്ചു. വേളമാനൂരിൽ സ്‌നേഹാശ്രമം ആരംഭിച്ച കാലം മുതൽ എല്ലാ മാസവും 10,000 രൂപയുടെ ഭക്ഷ്യസാധനങ്ങൾ സൗജന്യമായി നൽകുന്ന ഡോ. ഷാജി പങ്കജിനെയും ആശ്രമത്തിലെ അന്തേവാസികൾക്ക് വൈദ്യസഹായം ലഭ്യമാക്കുന്ന ഡോ. ആർ. പ്രശോഭിനെയും ചടങ്ങിൽ ആദരിച്ചു.
സ്‌നേഹാശ്രമം ചെയർമാൻ ബി. പ്രേമാനന്ദ് അദ്ധ്യക്ഷത വഹിച്ചു. തിരുവോണം രാമചന്ദ്രൻപിള്ള, പി.എം. രാധാകൃഷ്ണൻ, ബി. സുനിൽകുമാർ, റുവൽസിംഗ്, ഷിബു റാവുത്തർ, ഭൂമിക്കാരൻ ജേപ്പി, കെ.എം. രാജേന്ദ്രകുമാർ, സൈഫ് വേളമാനൂർ, ജി. രാമചന്ദ്രൻപിള്ള, ജി. പത്മകുമാർ, ആലപ്പാട്ട് ശശി, കബീർ പാരിപ്പള്ളി, ശ്രീകല ഭൂമിക്കാരൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി പത്മാലയം ആർ. രാധാകൃഷ്ണൻ സ്വാഗതവും ഗ്രാമപഞ്ചായത്തംഗം ആർ.ഡി. ലാൽ നന്ദിയും പറഞ്ഞു.