പത്തനാപുരം: മലപ്പുറത്തെ കല്യാണിയുടെ ഇത്തവണത്തെ ഓണം ഗാന്ധിഭവൻ കുടുംബാംഗങ്ങൾക്കൊപ്പം. അരയ്ക്കു താഴെ തളർന്ന മലപ്പുറം അമരമ്പലം മണ്ണൂർക്കര വീട്ടിൽ കല്യാണിയാണ് (67) ഗാന്ധിഭവനിലെ പുതിയ അംഗമായെത്തിയത്. കിടപ്പിലായ അമ്മയെ പരിചരിക്കാൻ കഴിയാത്തതിനെ തുടർന്ന് യുവാവായ മകനും ബന്ധുക്കളും ചേർന്നാണ് ഇവരെ ഗാന്ധിഭവനിലെത്തിച്ചത്. വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് മരിച്ചതോടെ കൂലിവേലക്കാരനായ ഏക മകന്റെ സംരക്ഷണത്തിലായിരുന്നു കല്യാണി. ഇതിനിടെയാണ് നിനച്ചിരിക്കാതെ കല്യാണിക്ക് സ്‌ട്രോക്ക് വരുകയും അരയ്ക്കു താഴെ തളരുകയും ചെയ്തത്. എഴുന്നേറ്റു നടന്നു പോയി പ്രാഥമികാവശ്യങ്ങൾ പോലും നിർവഹിക്കാൻ കഴിയാത്ത അവസ്ഥ വന്നതോടെ എല്ലാ കാര്യത്തിനും പരസഹായം വേണമെന്നായി. വീട് പുലർത്താൻ കൂലിവേലയ്ക്ക് പോകേണ്ട സാഹചര്യം വന്നപ്പോൾ 24 മണിക്കൂറും അമ്മയ്ക്കൊപ്പം ഇരിക്കാൻ മകന് കഴിയാതെ വന്നു. തുടർന്നാണ് അടുത്ത ബന്ധുക്കളിൽ ചിലർ പറഞ്ഞതനുസരിച്ച് അമ്മയെ ഏതെങ്കിലും സഹായകേന്ദ്രത്തിൽ എത്തിക്കാമെന്ന തീരുമാനത്തിലെത്തുന്നത്. വിവരമറിഞ്ഞ ഗ്രാമ പഞ്ചായത്തംഗം ടി.പി. ഹംസ സാമൂഹ്യ പ്രവർത്തകൻ പി. ശിവദാസനുമായി ബന്ധപ്പെട്ടു. അങ്ങനെയാണ് ഗാന്ധിഭവന്റെ മലപ്പുറം വണ്ടൂരിലെ പ്രാദേശിക ഓഫീസുമായി ബന്ധപ്പെടുന്നത്. ഏറ്റവും മികച്ച ചികിത്സ കല്യാണിക്കു നൽകണമെന്നുള്ളതിനാലാണ് പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജനെ സമീപിച്ചത്. അദ്ദേഹത്തിന്റെ നിർദ്ദേശമനുസരിച്ചാണ് പത്തനാപുരം ഗാന്ധിഭവനിലേക്ക് കല്യാണിയെ എത്തിച്ചത്.