പത്തനാപുരം: മുറി വൃത്തിയാക്കുന്നതിനിടെ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. പട്ടാഴി താഴത്തുവടക്ക് വിഷ്ണു ഭവനിൽ പരേതനായ ഉണ്ണിക്കൃഷ്ണന്റെ ഭാര്യ ഉഷാകുമാരിയാണ് (45)മരിച്ചത്. ഇന്നലെ രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ താത്കാലിക മെക്കാനിക്കൽ ജീവനക്കാരനായ മകൻ വിഷ്ണു ജോലി കഴിഞ്ഞ് രാവിലെ വീട്ടിലെത്തിയപ്പോഴാണ് ഉഷാകുമാരി ഷോക്കേറ്റ് നിലത്തുകിടക്കുന്നത് കണ്ടത്. ഉടൻ തന്നെ പട്ടാഴിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുറി കഴുകുന്നതിനിടെ നിലത്ത് കിടന്ന ഹോൾഡറിൽ നിന്നാണ് ഷോക്കേറ്റത്. കുന്നിക്കോട് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതശരീരം കൊട്ടാരക്കര താലൂക്കാശുപത്രിയെ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.