ശാസ്താംകോട്ട: ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഐ. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങളും ജനസൗഹൃദ സേവനങ്ങളിലൂടെ ജീവനക്കാരുടെ പ്രവർത്തന മികവും പരിഗണിച്ചാണ് അംഗീകാരം ലഭിച്ചത്. ആധുനിക രീതിയിലുള്ള റെക്കാഡ് റൂം, പൊതുജനങ്ങൾക്കായുള്ള ഇരിപ്പിടങ്ങൾ, വിവിധ ഇൻഫർമേഷൻ ബോർഡുകൾ തുടങ്ങിയ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സേവനങ്ങൾ പൊതുജനങ്ങൾക്ക് പരമാവധി വേഗത്തിൽ ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് പ്രസിഡന്റ് ഐ. നൗഷാദും സെക്രട്ടറി രാജൻ ആചാരിയും അറിയിച്ചു.