malsyam

കൊല്ലം: മത്സ്യം നേരിട്ട് പാചകം ചെയ്യാവുന്ന വിധം വൃത്തിയാക്കിയും കഷ്ണങ്ങളാക്കിയും ലഭിക്കുന്ന ആധുനിക മാർക്കറ്റ് കരിയ്ക്കോട് പ്രവർത്തനം ആരംഭിച്ചു. 'റെഡി ടു കുക്ക് ഫിഷ്" ലഭിക്കുന്ന ഇവിടെ നിന്ന് മത്സ്യഫെഡ് തയ്യാറാക്കിയ കറിക്കൂട്ടും കെപ്‌കോ, മിൽമ ഉത്പന്നങ്ങളും തുടങ്ങി ആധുനിക കാലത്തിന് ആവശ്യമായതെല്ലാം ലഭ്യമാക്കും. മാർക്കറ്റിന്റെ ഉദ്ഘാടനം ഇന്നലെ മന്ത്റി ജെ. മേഴ്സിക്കുട്ടിയമ്മ നിർവഹിച്ചു. കുടുംബശ്രീക്ക് സ്ഥിരം വിപണന സ്​റ്റാളും അക്ഷയ സെന്ററുമൊക്കെ മാർക്ക​റ്റിന്റെ ഭാഗമായി പ്രതീക്ഷിക്കാമെന്ന് മന്ത്റി പറഞ്ഞു. 3.5 കോടി രൂപ ചെലവഴിച്ചാണ് ആധുനിക മാർക്കറ്ര് നിർമ്മാണം പൂർത്തിയാക്കിയത്. എല്ലാം ഒരിടത്ത് തന്നെ സജ്ജമാക്കുന്നതിന്റെ ഭാഗമായി ഹോർട്ടികോർപിന്റെ വിപണിക്ക് കൂടി സൗകര്യം ഒരുക്കും. ഐ.എസ്.ഒ നിലവാരം ഉറപ്പാക്കിയാണ് മാർക്ക​റ്റ് യാഥാർത്ഥ്യമാക്കിയത്. ഇതിന്റെ ഭാഗമായി കോൺഫറൻസ് ഹാൾ ഉൾപ്പെടെ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായും മന്ത്റി പറഞ്ഞു.
കൊ​റ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വിനിത കുമാരി അദ്ധ്യക്ഷയായി. ഓണം വിപണന മേളയുടെ ഉദ്ഘാടനം മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ് നിർവഹിച്ചു.
ത്രിതല പഞ്ചായത്ത് ഭാരവാഹികൾ, മ​റ്റു ജനപ്രതിനിധികൾ, തീരദേശ വികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടർ പി.ഐ ഷെയ്ക് പരീത്, ചീഫ് എഞ്ചിനീയർ ബി.ടി.വി കൃഷ്ണൻ, കെപ്‌കോ ചെയർപേഴ്സൺ ജെ. ചിഞ്ചുറാണി, കയർഫെഡ് ഡയറക്ടർ എസ്.എൽ സജികുമാർ, ഹോർട്ടി കോർപ് എം.ഡി ജെ.സജീവ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി. ഗീതാകുമാരി, കൊ​റ്റങ്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എസ് ലേഖ തുടങ്ങിയവർ പങ്കെടുത്തു.