കണ്ണനല്ലൂർ: തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഓണ സമൃദ്ധി കാർഷിക വിപണിക്ക് തുടക്കമായി. കർഷകരിൽ നിന്ന് ശേഖരിച്ച വിഷരഹിത നാടൻ പച്ചക്കറികൾ ഓണക്കാലത്ത് കുറഞ്ഞ വിലയ്ക്ക് പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായാണ് കാർഷിക വിപണി ആരംഭിച്ചത്. മുഖത്തല ഗവ.എൽ.പി.എസിൽ ആരംഭിച്ച വിപണിയുടെ ഉദ്ഘാടനം തൃക്കോവിൽവട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുലോചന നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കാർഷിക വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. വിപണി ഈ മാസം പത്തിന് സമാപിക്കും.