attach
ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്ത സ്വർണ്ണം ഉദ്യോഗസ്ഥർ പരിശോധിക്കുന്നു

പൊലീസ് നായ ഹണ്ടറിന്റെ സഹായത്തോടെ ആയിരുന്നു പരിശോധന

കൊല്ലം: പൊലീസ് നായ ഹണ്ടറിന്റെ സഹായത്തോടെ സർക്കാർ സംവിധാനങ്ങൾ ഒത്താരുമിച്ച് നടത്തിയ വാഹന പരിശോധനയിൽ 2.7 കിലോ സ്വർണ്ണവും നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു. ഇന്നലെ പുലർച്ചെ മൂന്ന് മുതൽ ഏഴ് വരെ കൊല്ലം ബൈപാസിലെ കാവനാട് ആൽത്തറമൂട്ടിൽ ആഡംബര ബസുകൾ ഉൾപ്പെടെ 240 വാഹനങ്ങളാണ് പരിശോധിച്ചത്. പൊലീസ് നായ ഹണ്ടറിനൊപ്പം എക്‌സൈസ്, സിറ്റി പൊലീസ്, ക്വിക്ക് റസ്‌പോൺസ് സംഘം, ഡോഗ് സ്‌ക്വാഡ്, വാണിജ്യ നികുതി വകുപ്പിന്റെ ഇന്റലിജൻസ് സ്‌ക്വാഡ്, മോട്ടോർ വാഹന വകുപ്പ് എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്. കെ.എസ്.ആർ.ടി.സി ബസുകളിലും പരിശോധന നടത്തി. മതിയായ രേഖകളില്ലാതെ തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുകയായിരുന്ന സ്വർണ്ണമാണ് പിടികൂടിയത്. തൃശൂർ സ്വദേശി അദ്വൈത്, പാലക്കാട് സ്വദേശി ജോജോ എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സ്വർണ്ണം കണ്ടെത്താനായത്.

ഇവരിൽ നിന്ന് 6.5 ലക്ഷം രൂപ പിഴയീടാക്കി സ്വർണ്ണം വിട്ടു നൽകി. ഗതാഗത നിയമ ലംഘനങ്ങൾ നടത്തിയവരിൽ നിന്ന് അരലക്ഷം രൂപ മോട്ടോർ വാഹന വകുപ്പ് പിഴയായി ഈടാക്കി. ബംഗളുരുവിൽ നിന്ന് നികുതി അടയ്‌ക്കാതെ കൊണ്ട് വന്ന മൂന്ന് കെട്ട് തുണിത്തരങ്ങളും പിടിച്ചെടുത്തു. ഇത് കൊണ്ടുവന്നവർക്ക് 20,000 രൂപ പിഴ ചുമത്തി.

 അഞ്ചു കിലോ നിരോധിത പാൻമസാലയും പിടിച്ചെടുത്തു.

വാഹനങ്ങളിൽ നടത്തിയ പരിശോധനയിൽ 5 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. ഇത് കടതത്തിക്കൊണ്ടുവന്ന 12 യാത്രക്കാരെ പിടികൂടി.

സംയുക്ത പരിശോധന നേട്ടം കാണുന്ന പശ്ചാത്തലത്തിൽ ഓണ നാളുകളിൽ ഇത് കർശനമാക്കാനാണ് നീക്കം. ജില്ലയുടെ അതിർത്തി മേഖലകളിൽ ഉൾപ്പെടെ എക്സൈസിന്റെ പരിശോധന രാപ്പകൽ ഭേദമില്ലാതെ തുടരുകയാണ്. സ്ത്രീകളെ മറയാക്കി ജില്ലയിലേക്ക് മയക്കുമരുന്നും നിരോധിത ഉൽപ്പന്നങ്ങളും കടത്തുന്നുവെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വനിതാ ഉദ്യോഗസ്ഥരെയും പരിശോധനാ സംഘങ്ങളിൽ കൂടുതലായി ഉൾപ്പെടുത്തിയിട്ടുണ്ട്.