street-dog
Street Dog

കൊല്ലം: ഓണത്തിരക്കിൽ നഗരം പായുമ്പോൾ അപകടങ്ങൾ സൃഷ്ടിച്ച് തെരുവ് നായ്‌ക്കളും. നഗരത്തിന്റെ മുക്കിലും മൂലയിലും തെരുവ് നായ്‌ക്കളുടെ വിളയാട്ടമാണ്. കൂട്ടം കൂടി നടക്കുന്നവ റോഡുകൾ മുറിച്ച് കടക്കുന്നതാണ് അപകടങ്ങളുണ്ടാകുന്നത്. അമിതവേഗതയിൽ എത്തുന്ന ഇരുചക്ര വാഹന യാത്രികാരാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്. പലയിടങ്ങളിലും വലിയ വാഹനങ്ങൾ ഇടിച്ച് ചാവുന്ന നായ്‌ക്കളുടെ ശരീരം റോഡിൽ തന്നെ കിടക്കുന്ന ദയനീയ കാഴ്ചയും കാണാം.

കാൽനടയാത്രികർക്ക് തടസമുണ്ടാക്കി നായ്ക്കൾ നടപ്പാതകളുൾപ്പെടെ കൈയേറുകയാണ്. ഇവയെ പേടിച്ച് തിരക്കുള്ള റോഡിലൂടെ ഇറങ്ങി നടക്കണ്ട ഗതികേടുമുണ്ട്. രാത്രികാലങ്ങളിൽ നഗരത്തിൽ പലയിടങ്ങളിലും തെരുവ് വിളക്ക് പ്രകാശിക്കാത്തതിനാൽ ഇരുട്ടത്ത് നായ ആക്രമിക്കുമെന്ന ഭയത്തിലാണ് പൊതുജനം.

 എ.ബി.സി പ്രോഗ്രാം നടപ്പാകുന്നില്ല

തെരുവ് നായ്‌ക്കളെ വന്ധ്യംകരിക്കുന്ന എ.ബി.സി പ്രോഗ്രാമിന് വേണ്ടുന്ന എല്ലാ സജ്ജീകരണങ്ങളും ഉണ്ടെങ്കിലും അത് ശരിയായ രീതിയിൽ നടപ്പാക്കാത്തതും തെരുവ് നായ പ്രശ്നം ദിനംപ്രതി വർദ്ധിക്കാൻ കാരണമാണ്. കോർപ്പറേഷൻ കൗൺസിലിൽ ഉൾപ്പെടെ നഗരത്തിലെ നായ്ക്കളുടെ ശല്യം പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.

 മാലിന്യ നിക്ഷേപം വില്ലൻ

നഗരത്തിലെ വിവിധയിടങ്ങളിലെ മാലിന്യ നിക്ഷേപമാണ് തെരുവ് നായ്‌ക്കൾ കൂട്ടമായി ഈ പ്രദേശങ്ങളിൽ അലഞ്ഞുനടക്കാൻ കാരണം. ഓണക്കാലം എത്തിയതോടെ പലയിടങ്ങളിലും മാലിന്യ നിക്ഷേപം വർദ്ധിക്കുകയാണ്. മാലിന്യ നിർമ്മാർജ്ജനത്തിനായി പലതരം പദ്ധതികളും നഗരസഭ ആവിഷ്‌കരിക്കുന്നുണ്ടെങ്കിലും തുടർപ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കാത്തതിനാലാണ് പ്രശ്നം രൂക്ഷമാകുന്നതെന്നും ആക്ഷേപമുണ്ട്.