കൊല്ലം: അഷ്ടമുടിക്കായലിൽ ആർത്തുല്ലസിക്കാൻ കാറ്റമാരൻ ബോട്ടും ജെറ്റ് സ്കൈയും വൈകാതെ എത്തും. അഷ്ടമുടി കായലിലെ വിവിധ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കൊണ്ടുള്ള അഷ്ടമുടി ലേക്ക് വ്യൂ പദ്ധതിയുടെ ഭാഗമായാണ് പുതിയ അതിഥികളെത്തുന്നത്.
അഷ്ടമുടി കായലിലെ പ്രധാന ടൂറിസം കേന്ദ്രങ്ങൾക്ക് പുറമെ കൊല്ലം - ആലപ്പുഴ ദേശീയ ജലപാതയിലുമാകും കാറ്റമാരന്റെ സഞ്ചാരം. കൊല്ലം തോട് ഗതാഗത യോഗ്യമാകുമ്പോൾ അവിടേക്കും സർവീസ് നീട്ടും. എയർ കണ്ടീഷൻ, ബയോ ടോയ്ലെറ്റുകൾ തുടങ്ങിയ ആധുനിക സൗകര്യങ്ങൾക്ക് പുറമേ ഉയർന്ന സുരക്ഷാസംവിധാനങ്ങളുമുള്ള ബോട്ടാണ് വരുന്നത്. 45 പേർക്ക് ഇരിക്കാനുള്ള സൗകര്യം ഉണ്ടാകും. കേരള ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനാണ് കാറ്റമാരന്റെ നിർമ്മാണ ചുമതല. എട്ട് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി കൊല്ലത്ത് എത്തുമെന്നാണ് പ്രതീക്ഷ.
അഷ്ടമുടിക്കായലിൽ ഇപ്പോഴുള്ള വാട്ടർ സ്പോർട്സ് സെന്ററിൽ അതിഥിയായാണ് ജെറ്റ് സ്കൈ എത്തുന്നത്. വൈകാതെ ഇത് നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് വാങ്ങും. ജെറ്റ് സ്കൈയും കാറ്റമാരൻ ബോട്ടും വാങ്ങാൻ ടൂറിസം വകുപ്പിന് സർക്കാർ 2,36,791,00 രൂപയാണ് അനുവദിച്ചിരിക്കുന്നത്.
'' ജെറ്റ് സ്കൈ വരുന്നതോടെ അഷ്ടമുടി കായലിലെ വാട്ടർ സ്പോർട്സ് സെന്റർ കൂടുതൽ ആകർഷകമാകും. സുരക്ഷിതമായ കാറ്റമാരൻ ബോട്ട് വിദേശ സഞ്ചാരികളെയടക്കം ഇവിടേക്ക് ആകർഷിക്കും.''
സി. സന്തോഷ് കുമാർ (ഡി.ടി.പി.സി സെക്രട്ടറി)
സീ അഷ്ടമുടി നീറ്റിലിറക്കി
അഷ്ടമുടിക്കായലിൽ ടൂറിസം കം പാസഞ്ചർ സർവീസ് ആരംഭിക്കാനുള്ള ജലഗതാഗത വകുപ്പിന്റെ 'സീ അഷ്ടമുടി ഡബിൾ ഡക്കർ ബോട്ട്' അരൂർ കായലിൽ പാണാവള്ളി ഭാഗത്ത് നീറ്റിലിറക്കി. സുരക്ഷാ പരിശോധനയും ശേഷിക്കുന്ന നിർമ്മാണവും പൂർത്തിയാക്കിയ ശേഷം ഒന്നരമാസത്തിനുള്ളിൽ ബോട്ട് കൊല്ലത്തെത്തും. അഷ്ടമുടിക്കായലിന്റെ തീരത്തുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാകും സർവീസ്.
പദ്ധതി തുക: 2.36 കോടി
കാറ്റമാരൻ ബോട്ടിലെ സൗകര്യങ്ങൾ
01. എയർ കണ്ടീഷൻ
02. ബയോ ടോയ്ലെറ്റ്
03. ഉയർന്ന സുരക്ഷാ സംവിധാനം
04. 45 പേർന്ന് ഇരിക്കാം