ഓച്ചിറ: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പരബ്രഹ്മക്ഷേത്ര ഭരണസമിതി നാല്പത് നിർദ്ധന യുവതികളുടെ വിവാഹം ഈ മാസം 15ന് നടത്തും. കൊല്ലം ആലപ്പുഴ ജില്ലകളിൽ നിന്നുള്ള യുവതികളാണ് വിവാഹിതരാവുന്നത്. ക്ഷേത്രാങ്കണത്തിൽ ഇതിനായി നിർമ്മിക്കുന്ന പ്രത്യേകം പന്തലിന്റെ കാൽനാട്ടു കർമ്മം ഇന്നലെ നടന്നു. വിവാഹത്തോടനുബന്ധിച്ചുള്ള പൊതുയോഗം മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഫിഷറീസ് വകുപ്പുമന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ, എം.പിമാരായ എ.എം ആരിഫ്, കൊടിക്കുന്നിൽ സുരേഷ്, എൻ.കെ പ്രേമചന്ദ്രൻ, എം.എൽ.എമാരായ ആർ.രാമചന്ദ്രൻ, യു. പ്രതിഭ, ആർ. രാജേഷ്. കോവൂർ കുഞ്ഞുമോൻ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. വധൂവരന്മാർക്ക് വിവാഹ പൂർവ കൗൺസലിംഗ് നൽകും. രണ്ട് ലക്ഷം രൂപ, താലി, വിവാഹ വസ്ത്രങ്ങൾ എന്നിവയും വധൂവരന്മാർക്ക് നൽകും. വിവാഹ സദ്യയും ഉണ്ടായിരിക്കും. കേരള ഹൈക്കോടതി നിയമിച്ച അഭിഭാഷക കമ്മിഷൻ അഡ്വ. പ്രേമാനന്ദിന്റെ നേതൃത്വത്തിൽ വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ടെന്ന് ക്ഷേത്ര ഭരണസമിതി സെക്രട്ടറി ഇൻ ചാർജ് കളരിക്കൽ ജയപ്രകാശ് അറിയിച്ചു.