സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു
കൊല്ലം: കൊല്ലം കേന്ദ്രമാക്കി പി.എസ്.സി പരീക്ഷകളിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ അടുത്തമാസം തുടങ്ങും. പബ്ലിക് പ്രോസിക്യൂട്ടറായി പാരിപ്പള്ളി രവീന്ദ്രനെ കഴിഞ്ഞ ദിവസം സർക്കാർ നിയമിച്ചു.
ഒൻപതു വർഷം മുമ്പുള്ള തട്ടിപ്പ് കേസിൽ ഇതുവരെ പ്രോസിക്യൂട്ടറെ നിയമിക്കാത്തതിനാൽ വിചാരണ തുടങ്ങിയിട്ടില്ലെന്ന് കേരള കൗമുദി ചൂണ്ടിക്കാട്ടിയിരുന്നു.
2010 ഓഗസ്റ്റിൽ നടന്ന ക്ലാസ് ഫോർ പരീക്ഷയുമായി ബന്ധപ്പെട്ട് പി.എസ്.സിക്ക് ലഭിച്ച ഊമക്കത്തിലൂടെയാണ് സംഭവം പുറത്തുവന്നത്. ഗൂഢസംഘം പി.എസ്.സി ചോദ്യ പേപ്പറുകൾ ചോർത്തുന്നുവെന്നായിരുന്നു കത്തിലെ ഉള്ളടക്കം. കത്ത് പി.എസ്.സി അന്വേഷണത്തിനായി കൊല്ലം സിറ്റി പൊലീസിന് കൈമാറി. ഇരവിപുരം എസ്.ഐ കേസ് രജിസ്റ്റർ ചെയ്ത് ഒന്നരമാസം അന്വേഷിച്ചിട്ടും ഒരു തുമ്പും കിട്ടിയില്ല. അന്നത്തെ കമ്മിഷണർ ഹർഷിത അട്ടല്ലൂരി അന്വേഷണ ചുമതല കൊല്ലം ഡിവൈ.എസ്.പി ബി. കൃഷ്ണകുമാറിന് കൈമാറിയതോടെ തട്ടിപ്പ് ഒന്നൊന്നായി പുറത്ത് വരികയായിരുന്നു. ക്ലാസ് ഫോർ പരീക്ഷയ്ക്ക് മുമ്പുനടന്ന പൊലീസ് എസ്.ഐ, കോൺസ്റ്റബിൾ, എച്ച്.എസ്.എ, അസി.ഗ്രേഡ്, വിവിധ വകുപ്പുകളിലേക്കുള്ള എൽ.ഡി, എൽ.ജി തുടങ്ങിയ പത്തോളം പരീക്ഷകളിൽ തട്ടിപ്പ് നടന്നതായി കണ്ടെത്തി.
എസ്.ഐ പരീക്ഷയുടെ ഷോർട്ട് ലിസ്റ്റിൽ നിന്നും തട്ടിപ്പിൽ ഉൾപ്പെട്ടെന്ന് കണ്ടെത്തിയ അഞ്ചുപേരെ ആദ്യം പുറത്താക്കി. പിന്നീട് ആ പരീക്ഷ തന്നെ റദ്ദാക്കി.
അന്വേഷണവുമായി സഹകരിക്കാനോ കണ്ടെത്തലുകൾ അംഗീകരിക്കാനോ ആദ്യഘട്ടത്തിൽ പി.എസ്.സി തയ്യാറായിരുന്നില്ല. തട്ടിപ്പ് ബോദ്ധ്യപ്പെട്ടതോടെ പരീക്ഷകളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറി. ഇതിനിടെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ചിലർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാൻ കൃഷ്ണകുമാറിനെ തന്നെ കോടതി ചുമതലപ്പെടുത്തി.
2013ൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും വീണ്ടും പരാതികൾ ഉയർന്നതോടെ ഡി.ജി.പി പുനരന്വേഷണത്തിനായി ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചു. ഈ സംഘവും കൃഷ്ണകുമാറിന്റെ അന്വേഷണ റിപ്പോർട്ട് ശരിവച്ചുകൊണ്ടുള്ള കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
14 കേസുകൾ,
160 പ്രതികൾ
12 കേസുകൾ ഇരവിപുരം പൊലീസും രണ്ട് കേസുകൾ കൊല്ലം ഈസ്റ്റ് പൊലീസും രജിസ്റ്റർ ചെയ്തിരുന്നു.
10 കേസുകളുടെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. എല്ലാ കേസുകളിലുമായി ഏകദേശം 160 പ്രതികളുണ്ട്. മുഖ്യപ്രതിയായ മയ്യനാട് സ്വദേശി രണ്ടു വർഷം മുമ്പ് ട്രെയിൻ തട്ടി മരിച്ചിരുന്നു. ഇരവിപുരം സ്റ്റേഷനിലെ കേസുകളുടെ വിചാരണ കൊല്ലം ഫസ്റ്റ് ക്ലാസ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിലും കൊല്ലം ഈസ്റ്റിലെ കേസുകളുടെ വിചാരണ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലുമാകും നടക്കും
തട്ടിപ്പ് ഇങ്ങനെ
സംഘത്തിലെ ചിലർ വെറുതെ പരീക്ഷയ്ക്ക് അപേക്ഷിക്കും. ഹാളിൽ കയറി ചോദ്യ പേപ്പർ കിട്ടുമ്പോൾ തന്നെ ജനാലയിലൂടെ വരാന്തയിൽ കാത്ത് നിൽക്കുന്നവർക്ക് കൈമാറും. ഇവർ ചോദ്യങ്ങൾ തട്ടിപ്പിന്റെ സൂത്രധാരനെ ഫോൺ വഴി അറിയിക്കും. അദ്ദേഹം പണം നൽകി ഇടപാട് ഉറപ്പിച്ചവർക്ക് ഫോൺ വഴി ഉത്തരങ്ങൾ കൈമാറും. ഇവർ വൈബ്രേറ്റർ മോഡിൽ ഫോൺ ശരീരത്തിൽ ഒളിപ്പിച്ചശേഷം ഹിയർ ഫോൺ ആരുടെയും ശ്രദ്ധയിൽപ്പെടാതെ ചെവിയിൽ തിരുകിയാണ് പരീക്ഷാ ഹാളിൽ ഇരുന്നിരുന്നത്.
ചോദ്യ പേപ്പർ ചോർത്താനായി മാത്രം എസ്.ഐ പരീക്ഷയ്ക്ക് യോഗ്യതയില്ലാത്ത പത്താം ക്ലാസുകാർ വരെ പരീക്ഷ എഴുതിയതായി കണ്ടെത്തിയിരുന്നു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പി.എസ്.സി പരീക്ഷാ നടത്തിപ്പിൽ പല മാറ്റങ്ങളും കൊണ്ടുവന്നിരുന്നു.