navas
ആദിക്കാട് പമ്പ് ഹൗസിൽ നിന്ന് ശുദ്ധീകരിക്കാത്ത ജലം കുടിവെള്ള വിതരണത്തിനായി പമ്പു ചെയ്യുന്നു

ശാസ്താംകോട്ട: ശാസ്താംകോട്ട തടാകത്തിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ശുദ്ധജലം കിട്ടാനില്ലെന്ന് നാട്ടുകാരുടെ പരാതി. ജല അതോറിറ്റി പമ്പ് ചെയ്യുന്ന വെള്ളം ഉപയോഗിക്കാൻ കഴിയാത്ത തരത്തിൽ കലങ്ങിയതാണെന്ന് പ്രദേശവാസികൾ പറയുന്നു. ആദിക്കാട് പമ്പ് ഹൗസിൽ നിന്ന് പമ്പ് ചെയ്യുന്ന പടിഞ്ഞാറേ കല്ലടയിലെ വിളന്തറ, വലിയ പാടം, കണത്താർ കുന്നം മേഖലകളിലെ ടാപ്പുകളിലാണ് കലങ്ങിയ ഉപയോഗിക്കാനാകാത്ത വെള്ളം വരുന്നത്. ആദിക്കാട് പമ്പ് ഹൗസിലെ വെള്ളം മതിയായ രീതിയിൽ ശുദ്ധീകരിക്കാതെയാണ് പമ്പ് ചെയ്യുന്നത്. തടാകത്തിൽ നിന്നുള്ള ജലം ക്ലോറിൻ കലർത്തി നേരിട്ട് പമ്പ് ചെയ്യുന്ന രീതിയാണ് ആദിക്കാട് പമ്പ് ഹൗസിൽ നടക്കുന്നത്. ഇങ്ങനെ പമ്പ് ചെയ്യുന്ന ജലമാണ് ആയിരക്കണക്കിന് ആളുകൾ കുടിവെള്ളമായി ഉപയോഗിക്കുന്നത്.

കോളിഫോം ബാക്ടീരിയയുടെ സാനിദ്ധ്യം:

നിസംഗതയോടെ അധികൃതർ

കഴിഞ്ഞയാഴ്ച ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിലെ ബോട്ടണി വിഭാഗം നടത്തിയ പഠനത്തിൽ തടാക ജലത്തിലും പരിസര പ്രദേശങ്ങളിലെ കിണറുകളിലെ ജലത്തിലും കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ലക്ഷക്കണക്കിനു ആളുകൾ കുടിവെള്ളമായി ഉപയോഗിക്കുന്ന തടാക ജലം മലിനമാണെന്ന് കണ്ടെത്തിയിട്ടും താലൂക്കിലെ ഏഴു പഞ്ചായത്തുകളിലെ പ്രസിഡന്റുമാരടക്കം പങ്കെടുത്ത കഴിഞ്ഞ ദിവസം നടന്ന താലൂക്ക് വികസന സമിതിയിൽ ഈ വിഷയം ചർച്ച ചെയ്തില്ലെന്നും ആക്ഷേപമുണ്ട്.

ആശ്രയം പൈപ്പ് വെള്ളം

പടിഞ്ഞാറേ കല്ലടയിലെ ഭൂരിഭാഗം പ്രദേശത്തും കിണറുകളിൽ ഓരു ജലമായതിനാൽ മിക്ക വീടുകളിലും പൈപ്പ് വെള്ളത്തെയാണ് ആശ്രയിക്കുന്നത്. ആഴ്ചയിൽ രണ്ട് ദിവസം മാത്രമായി പരിമിതപ്പെടുത്തി പമ്പ് ചെയ്യുന്ന ജലം വേണ്ട രീതിയിൽ ശുദ്ധീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കൃത്യമായ രീതിയിൽ ശുദ്ധീകരിക്കാത്ത ജലം കുടിവെള്ളത്തിനായി പമ്പ് ചെയ്യുന്ന നടപടിക്കെതിരെ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ.