കൊല്ലം: സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമവും ജീവിത വിജയവും സമൂഹത്തിന്റെ ഉയർച്ചയ്ക്ക് അനിവാര്യ ഘടകമാണെന്നും ഇതിനായി എല്ലാവരുടെയും അനുകമ്പയും സംരക്ഷണവും ആവശ്യമാണെന്നും മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. കരിക്കോട് ഗവ. മഹിളാ മന്ദിരത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജില്ലാ വനിതാ - ശിശു വികസന ഓഫീസർ എസ്. ഗീതാകുമാരി അദ്ധ്യക്ഷത വഹിച്ചു. എം. നൗഷാദ് എം.എൽ.എ ഓണസന്ദേശം നൽകി. മേയർ വി. രാജേന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ്, കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഗീതാകുമാരി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. സത്താർ, ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ കെ.പി. സജിനാഥ്, ഡി. വിനോദ്കുമാർ, എന്നിവർ സംസാരിച്ചു. പട്ടത്താനം സുനിൽ സ്വാഗതവും മഹിളാ മന്ദിരം സൂപ്രണ്ട് എ.എസ്. സിന്ധു നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ, ഓണസദ്യ, ഓണക്കോടി വിതരണം എന്നിവ നടന്നു.