കുണ്ടറ: സർക്കാരിന്റെ വികസനരേഖയിൽ പ്രഥമ സ്ഥാനം വിദ്യാഭ്യാസ മേഖലയ്ക്കാണെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. അഖിലകേരള വിശ്വകർമ്മ മഹാസഭ കാഞ്ഞിരകോട് ശാഖയുടെ വാർഷിക പൊതുയോഗവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ മേഖലയിൽ ചരിത്രത്തിലില്ലാത്ത ഇടപെടലുകളാണ് സർക്കാർ നടത്തുന്നത്. 130 കോടി ജനങ്ങളുള്ള ഭാരതത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ 400 കോടി ചെലവാക്കുമ്പോൾ 3.5 കോടി ജനങ്ങളുള്ള കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർക്കാർ 5000 കോടി രൂപയാണ് ചെലവഴിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഫൈൻ ആർട്സ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ശാഖാ പ്രസിഡന്റ് ജി. സുദർശനകുമാർ അദ്ധ്യക്ഷത വഹിച്ചു. ബിരുദാനന്തര ബിരുദം പരീക്ഷയിൽ ഒന്നാം റാങ്കുനേടിയ ശ്രീജി മധുവിനെയും ബിരുദം പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ പി. ആതിരയെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികളെയും യോഗത്തിൽ അനുമോദിച്ചു.