കരുനാഗപ്പള്ളി: പോത്തുകളെ മോഷ്ടിച്ച് അഞ്ചൽ ചന്തയിൽ വില്പന നടത്തി വന്നിരുന്ന 5 അംഗ സംഘത്തെ കരുനാഗപ്പള്ളി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തു. അഞ്ചൽ ചന്തയിൽ നിന്നാണ് മോഷ്ടാക്കളെയും ഇവർ കടത്തിക്കൊണ്ടു വന്ന പോത്തുകളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഓച്ചിറ മേമന ആറ്റുംകര മൻസിലിൽ മൺസൂർ (34), തൊടിയൂർ വടക്ക് കുളത്തിന്റെ മേക്കതിൽ കലേഷ് എന്നു വിളിക്കുന്ന അനിൽകുമാർ (29), മരുതൂർക്കുളങ്ങര തെക്ക് പുത്തൻകണ്ടത്തിൽ സുധീഷ് കുമാർ (19), തഴവാ കുറ്റിപ്പുറം ഷാലു ഭവനത്തിൽ ധനീഷ്( 23), കായംകുളം കല്ലുംമൂട്ടിൽ പുളിക്കശ്ശേരിത്തറയിൽ രാഹുൽ (25) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. തൊടിയൂർ, ഓച്ചിറ പ്രദേശങ്ങളിൽ നിന്നാണ് ഇവർ സ്ഥിരമായി പോത്തുകളെ മോഷ്ടിച്ചിരുന്നത്. മോഷണവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ കുറിച്ച് സൂചന ലഭിച്ചത്. പോത്തുകളെ വിറ്റു കിട്ടുന്ന പണം ഉപയോഗിച്ച് സംഘം ആർഭാട ജീവിതം നയിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. പോത്തുകളെ ഉടമസ്ഥർക്ക് കൈമാറി.