d
പൊലിസിനെയും നാട്ടുകാരെയും ആക്രമിച്ചു, നാലുപേർ പിടിയിൽ

ചാത്തന്നൂർ: മദ്യലഹരിയിൽ യുവാക്കൾ പൊലീസിനെയും നാട്ടുകാരെയും ആക്രമിച്ചു. പൊലീസ് വാഹനത്തിന്റെ ചില്ല് തകർത്തു മൂന്നു പൊലിസുകാർക്ക് പരിക്കേറ്റു. ചാത്തന്നൂർ പൊലിസ് സ്റ്റേഷനിലെ എസ്. ഐ. എ.എസ് സരിൻ, എ. എസ് ഐ മാരായ സുരേഷ്ബാബു, സുരേഷ് കുമാർ എന്നിവർക്കാണ് പരിക്കേറ്റത്.

ഇടനാട് കിഴക്കേപുന്നവിള വീട്ടിൽ ബിജി (20), മലയാറ്റികോണം ലാലുഭവനിൽ നന്ദു(21),ഇടനാട് ചരുവിളവീട്ടിൽ സഹോദരങ്ങളായ ഷൈജു (22), ഷിജു (20) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നത്: കാരംകോട് വരിഞ്ഞം സുന്ദരം മുക്കിന് സമീപം ഇന്നലെ വൈകുന്നേരം നാലു മണിയോടെ അമിതവേഗത്തിൽ ബൈക്കിൽ എത്തിയ മദ്യപ സംഘത്തിലെ മൂന്നു പേർ റോഡിന് സമീപത്തെ കൊടിമരത്തിൽ തട്ടി റോഡിൽ മറിഞ്ഞു വീണു. ഇതു കണ്ട ടെമ്പോവാൻ ഡ്രൈവർ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെ ഡ്രൈവറെ ആക്രമിച്ചു. ഇത് കണ്ടു തടയാൻ ചെന്ന നാട്ടുകാരെയും ആക്രമിച്ചു. കൂടുതൽ ആൾക്കാരെ സംഘം ഫോൺ വിളിച്ചു വരുത്തുകയും ചെയ്തു. ഇതോടെ നാട്ടുകാർ പൊലീസിനെ അറിയിച്ചു. ചാത്തന്നൂർ എസ്.ഐ യുടെ നേതൃത്വത്തിലുള്ള സംഘം എത്തിയപ്പോൾ പൊലീസിനെയും ആക്രമിച്ചു. പാരിപ്പള്ളിയിൽ നിന്നും കൂടുതൽ പൊലിസ് എത്തി ബലപ്രയോഗത്തിലൂടെയാണ് ആക്രമികളെ കീഴടക്കിയത്.

പാരിപ്പള്ളി പൊലീസ് ജീപ്പിന്റെ ഇടത് വശത്തുള്ള മിറർ അക്രമി ഇടിച്ച് തകർത്തു ബൈക്കിൽ നിന്നു വീണു പരിക്കേറ്റ ഷൈജുവിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.പ്രതികൾക്കെതിരെ 332-ാം വകപ്പ് പ്രകാരം കേസ് എടുത്തു.പ്രതികളെ ഇന്ന് പരവൂർ കോടതിയിൽ ഹാജരാക്കും.