കൊല്ലം: നീരാവിൽ നവോദയം ഗ്രന്ഥശാലയുടെ 69-ാം വാർഷികാഘോഷങ്ങൾക്ക് ഗ്രന്ഥശാലയുടെ കെ.പി. അപ്പൻ സ്മാരക നവശക്തി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ പുതുതായി നിർമ്മിച്ച സ്വർണ്ണപ്പറയ്ക്ക് മുന്നിൽ കാക്കവിളക്ക് തെളിഞ്ഞതോടെ തുടക്കമായി.
15ന് വൈകിട്ട് 5ന് നടക്കുന്ന വാർഷികാഘോഷ സമ്മേളനം മുൻ മന്ത്രി എം.എ. ബേബി ഉദ്ഘാടനം ചെയ്യും. പുനർ നിർമ്മിച്ച ഓഡിറ്റോറിയം കെ. സോമപ്രസാദ് എം.പി നാടിന് സമർപ്പിക്കും. മേയർ വി. രാജേന്ദ്രബാബു, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി. സുകേശൻ, നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടി.ആർ. സന്തോഷ്‌കുമാർ തുടങ്ങിയവർ സംസാരിക്കും.
ഗ്രന്ഥശാലയുടെ മികച്ച തൊഴിൽ സംരംഭകനുള്ള എൻ. ശിവശങ്കരപ്പിള്ള സ്മാരക അവാർഡ് ഐമാൾ എം.ഡി കെ.ഐ. അബ്ദുൽ റഹീമിന് എം.എ. ബേബിയും മികച്ച ഗ്രാമീണ ഗ്രന്ഥശാലാ ലൈബ്രേറിയനുള്ള പ്രൊഫ. കല്ലട രാമചന്ദ്രൻ സ്മാരക പുരസ്‌കാരം കരുനാഗപ്പള്ളി കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക ലൈബ്രേറിയൻ ആർ. ആദർശിന് കെ. സോമപ്രസാദ് എം.പിയും സ്‌കൂൾ യുവജനോത്സവത്തിൽ മികച്ച ബാന്റ് ട്രൂപ്പായി തിരഞ്ഞെടുക്കപ്പെട്ട വിമലഹൃദയക്ക് ഹംദാ സ്മാരക ട്രോഫിയും കാഷ് അവാർഡും മേയർ വി. രാജേന്ദ്രബാബുവും സമ്മാനിക്കും. മികച്ച പരീക്ഷാവിജയികൾക്ക് സ്മരണാ കാഷ് അവാർഡുകളും പുസ്തക സമ്മാനവും നൽകി ആദരിക്കും. തുടർന്ന് 7 മുതൽ ബാലകലാവേദി അംഗങ്ങളായ കമൽ ബ്രീസ്, എസ്. സജയൻ തുടങ്ങിയവരുടെ കലാവിരുന്നും സാംസ്‌കാരിക വകുപ്പ്, ഭാരത് ഭവൻ എന്നിവയുടെ ആഭിമുഖ്യത്തിലുള്ള 20 അംഗ രാജസ്ഥാൻ കലാകാര സംഘത്തിന്റെ നൃത്തവിരുന്നും ഉണ്ടായിരിക്കും.