sndp-flag
ചതയദിനാഘോഷത്തിനായി പീത പതാകകളാൽ അണിഞ്ഞൊരുങ്ങിയ നഗരം

 എസ്.എൻ കോളേജിലെ ആർ. ശങ്കർ നഗറിൽ കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും

കൊല്ലം: ശ്രീനാരായണ ഗുരുദേവന്റെ 165-ാം ജയന്തി എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെയും എസ്.എൻ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ വെള്ളിയാഴ്‌ച്ച വിപുലമായി ആഘോഷിക്കുമെന്ന് കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, യോഗം കൗൺസിലർ പി. സുന്ദരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമ്മേളന സ്ഥലമായ എസ്.എൻ കോളേജിലെ ആർ. ശങ്കർ നഗറിൽ രാവിലെ 8.30ന് യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ പീത പതാക ഉയർത്തും.

ജയന്തി ഘോഷയാത്ര വൈകിട്ട് 5ന് സിംസ് ആശുപത്രി വളപ്പിലെ ആർ. ശങ്കർ സ്‌മൃതി മണ്ഡപത്തിൽ നിന്ന് ആരംഭിക്കും. ചിന്നക്കട, റെയിൽവേ മേൽപ്പാലം, നഗരസഭാ ഓഫീസ്, കന്റോൺമെന്റ് മൈതാനം വഴി എസ്.എൻ കോളേജിലെ ആർ. ശങ്കർ നഗറിൽ ഘോഷയാത്ര സമാപിക്കും.

തുടർന്ന് നടക്കുന്ന ജയന്തി സമ്മേളനം കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും. മോഹൻ ശങ്കർ അദ്ധ്യക്ഷത വഹിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി ജയന്തി സന്ദേശം നൽകും. സി.വി. പത്മരാജനെ സമ്മേളനത്തിൽ ആദരിക്കും. എം. മുകേഷ് എം.എൽ.എ, മേയർ വി. രാജേന്ദ്രബാബു, യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ, യോഗം കൗൺസിലർ പി. സുന്ദരൻ, യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്‌ണൻ, യോഗം ബോർഡ് അംഗം ആനേപ്പിൽ എ.ഡി. രമേഷ്, ആർ.ഡി.സി ചെയർമാൻ മഹിമ അശോകൻ എന്നിവർ പങ്കെടുക്കും.

ഘോഷയാത്രയിൽ മികച്ച ഫ്ലോട്ടുകൾ, അലങ്കരിച്ച വാഹനങ്ങൾ, രഥങ്ങൾ, ചിട്ടയായ പങ്കാളിത്തം എന്നിവയ്‌ക്ക് സമ്മാനങ്ങൾ നൽകും. ഒന്നാം സ്ഥാനത്തിന് 5000 രൂപയും രണ്ടാം സ്ഥാനത്തിന് 3000 രൂപയും സമ്മാനമായി ലഭിക്കും. കലാ സാഹിത്യ മത്സരങ്ങളിലെ വിജയികൾക്കും കലാ മത്സരങ്ങളിലെ വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്യും.

ഗുരുവിന്റെ കൃതിയായ 'ശ്രീനാരായണ ധർമ്മം' എല്ലാ വീടുകളിലും എത്തിച്ച് കേരളത്തെ മാതൃകാ സംസ്ഥാനമായി മാറ്റുകയെന്നതാണ് ഈ വർഷത്തെ ഗുരുദേവ ജയന്തി സന്ദേശം. ജയന്തി ആഘോഷങ്ങൾക്കായി നഗരപാതകൾ പീത പതാകകളാൽ അലങ്കരിച്ച് കഴിഞ്ഞു. വാർത്താ സമ്മേളനത്തിൽ കൊല്ലം യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.രാജീവ് കുഞ്ഞുകൃഷ്‌ണൻ, ആർ.ഡി.സി ചെയർമാൻ മഹിമ അശോകൻ എന്നിവരും പങ്കെടുത്തു.

 നഗര ഹൃദയത്തിലേറുന്ന ജയന്തി ഘോഷയാത്ര

ചതയ ദിനത്തിലെ ശ്രീനാരായണ ഗുരുദേവ ജയന്തി ഘോഷയാത്ര പങ്കാളിത്തത്താൽ ശ്രദ്ധേയമാകും. ഗുരുദേവ രഥം, നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻമാർ, നാദസ്വരം, പഞ്ചവാദ്യം, ചെണ്ട, പഞ്ചാരിമേളം, തായമ്പക, പാണ്ടിമേളം, ബാന്റുമേളം, തെയ്യാണ്ടി മേളം, റോളർ സ്കേറ്റിംഗ്, നൃത്തങ്ങൾ, തെയ്യം, മയിലാട്ടം, കാവടിയാട്ടം, മോഹിനി നൃത്തം തുടങ്ങിയവ ഘോഷയാത്രയിൽ മിഴിവേകും.

കൊല്ലം ശങ്കേഴ്സ് ആശുപത്രി, വി.എൻ.എസ്.എസ് കോളേജ് ഒഫ് നഴ്സിംഗ്, നഴ്സിംഗ് സ്‌കൂൾ, എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ്, എസ്.എൻ ട്രസ്റ്റ് എച്ച്.എസ്, എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്‌കൂൾ, ശ്രീനാരായണ ഗുരു കോളേജ് ഒഫ് ലീഗൽ സ്റ്റഡീസ് തുടങ്ങിയ സ്ഥാപനങ്ങൾ ഘോഷയാത്രയിൽ അണിനിരക്കും. ഇതിന് പിന്നിലായി കൊല്ലം യൂണിയനിലെ 75 ശാഖായോഗങ്ങളിൽ നിന്നുള്ള അംഗങ്ങളും പ്രത്യേക ബാനറിന് പിന്നിൽ അണിനിരക്കും.