cheaking

കൊല്ലം: ആര്യങ്കാവിൽ മോട്ടോർ വാഹന വകുപ്പിന്റെയും എക്സൈസിന്റെയും ചെക്ക് പോസ്റ്റുകളിൽ വിജിലൻസ് ഇന്നലെ പുലർച്ചെ 2.45ന് ആരംഭിച്ച മിന്നൽ പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി. തമിഴ്‌നാട്ടിൽ നിന്നും അമിത ലോഡ് കയറ്റി ചരക്കുവാഹനങ്ങൾ എത്തുന്നുവെന്നും വാഹനങ്ങൾ യഥാവിധി പരിശോധിക്കാതെ പടിപറ്റി കടത്തി വിടുന്നുവെന്നും അറിഞ്ഞതിനെ തുടർന്നായിരുന്നു പരിശോധന.

എല്ലാ വാഹനങ്ങളിൽ നിന്നും ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായും ചട്ടപ്രകാരമുള്ള യാതൊരു പരിശോധനയും നടത്തുന്നില്ലെന്നും വിജിലൻസ് റെയ്ഡിൽ കണ്ടെത്തി. സർക്കാരിന് വൻ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതിനൊപ്പം നിരോധിത പുകയില ഉൽപ്പന്നങ്ങളും, കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കളും, സ്പിരിറ്റും സംസ്ഥാനത്തേക്ക് കടത്തിക്കൊണ്ടു വരുകയാണ്.

കൊല്ലം വിജിലൻസ് ഡിവൈ.എസ്.പി കെ. ആശോക് കുമാർ, സി.ഐമാരായ വി.പി.സുധീഷ്, ആർ. രാജേഷ്, എസ്.ഐമാരായ അജിതൻ, മോഹനൻ, എ.എസ്.ഐമാരായ അനിൽകുമാർ, സജീവ്, അജയൻ, രാജേന്ദ്രൻപിള്ള, ശിവരാമൻ, കരുനാഗപ്പള്ളി ലാൻഡ് അക്വിസിഷൻ സ്‌പെഷ്യൽ തഹസീൽദാർ സജീവ്, പി.ഡബ്യു.ഡി എ.ഇ അജിത് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

 ആർ.ടി.ഒ ചെക്ക് പോസ്റ്റിലെ

ക്രമക്കേടുകൾ

വാഹനങ്ങൾ പരിശോധിച്ച് ജി.വി.ആർ ബുക്കിൽ സീൽ ചെയ്യുന്നത് സ്വകാര്യ ഏജന്റാണെന്ന് കണ്ടെത്തി. വെഹിക്കിൾ മൂവ്‌മെന്റ് രജിസ്റ്ററിൽ നിന്നും 5450രൂപ പിടിച്ചെടുത്തു. ജി.വി.ആർ ബുക്ക് സീൽ ചെയ്യാൻ വാഹനത്തിലെ ജീവനക്കാർ നൽകിയതാണ് ഈ പണം. സീൽ ചെയ്യാൻ ക്യു നിന്നവരുടെ പക്കലുണ്ടായിരുന്ന ബുക്കുകൾ പരിശോധിച്ചപ്പോൾ എല്ലാത്തിന്റെയും ഉള്ളിൽ 100ന്റെയും 50ന്റെയും നോട്ടുകൾ ഉണ്ടായിരുന്നു. പടി കൊടുത്താലേ സീൽ പതിക്കൂ എന്നാണ് വാഹനങ്ങളിൽ വന്നവർ വിജിലൻസിനോട് പറഞ്ഞത്. വെയിംഗ് മെഷീൻ പ്രവർത്തനരഹിതമായിരുന്നു. അമിതഭാരം കയറ്റിയ വാഹനങ്ങൾ കണ്ടെത്താനോ പിഴ ഈടാക്കാനോ കഴിഞ്ഞിരുന്നില്ല. ക്യാഷ്ബുക്കും കൃത്യമായി പരിപാലിച്ചിരുന്നില്ല. പരിശോധനാ സമയത്ത് അമിതഭാരവുമായി വന്ന വാഹനത്തിന് വിജിലൻസ് സംഘം പിഴ ഈടാക്കി.

 എക്സൈസ് ചെക്ക് പോസ്റ്റിലെ ക്രമക്കേടുകൾ

വിജിലൻസ് സംഘം എത്തുമ്പോൾ ചെക്ക് പോസ്റ്റിൽ വാഹനങ്ങളൊന്നും ഉണ്ടായിരുന്നില്ല. അല്പനേരത്തിനുശേഷം ആറ് ലോറികൾ എത്തി. ഡ്രൈവർമാർ ജി.വി.ആർ സീൽ ചെയ്യാനായി എത്തിയപ്പോൾ വിജിലൻസ് സംഘം ബുക്കുകൾ വാങ്ങി പരിശോധിച്ചു. എല്ലാ ബുക്കുകൾക്കുള്ളിലും നൂറ് രൂപ വീതം ഉണ്ടായിരുന്നു.