sree
ശ്രീനാരായണ ട്രോഫി ജലോത്സവം നടക്കുന്ന ശ്രീനാരായണ പവലിയൻ

കരുനാഗപ്പള്ളി: ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിൽ കന്നേറ്റി പള്ളിക്കലാറിൽ നടത്തുന്ന 80-ാ മതു ശ്രീനാരായണ ജലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജലോത്സവത്തിൽ 5 ചുണ്ടൻ വള്ളങ്ങളും 6 തെക്കനോടി വള്ളങ്ങളും മാറ്റുരയ്ക്കും. ചന്തക്കായൽ മുതൽ കന്നേറ്റി വരെ 1200 മീറ്റർ നീളത്തിലുള്ള നെട്ടായത്തിലാണ് മത്സര വള്ളം കളി നടത്തുന്നത്.

നെഹ്റു ട്രോഫി ജലോത്സവത്തിൽ പങ്കെടുത്ത സെന്റ് പയസ്, ജവഹർ തായങ്കരി, സെന്റ് ജോസഫ്, ശ്രീ വിനായകൻ, ശ്രീ ഗണേശ് എന്നീ ചുണ്ടൻ വള്ളങ്ങളും തെക്കനോടി വിഭാഗത്തിൽ പെട്ട തറവള്ളങ്ങളായ ദേവസ്, സാരഥി, കാട്ടിൽ തെക്കതിൽ, കെട്ട് വല്ലങ്ങളായ കാട്ടിൽ തെക്കതിൽ കമ്പനി, ചെല്ലിക്കാടൻ എന്നീ വള്ളങ്ങളുമാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന വള്ളത്തിന് 1 ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് 50000 രൂപയും മൂന്നാം സ്ഥാനത്തിന് 25000 രൂപയും പ്രൈസ് മണിയായി നൽകും. ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ ഒരു വള്ളത്തിൽ 120 തുഴച്ചിൽക്കാരാനുള്ളത്. ചന്തക്കായലിൽ നിന്ന് ആരംഭിക്കുന്ന മത്സരം കന്നേറ്റി ശ്രീനാരായണ ഗുരുദേവ പവലിയനിൽ സമാപിക്കും. വള്ളം കളിയുടെ സുഗമായ നടത്തിപ്പിനുള്ള എല്ലാ നടപടി ക്രമങ്ങളും പൂർത്തിയായതായി ജലോത്സവ കമ്മിറ്റി ജനറൽ കൺവീനറും നഗരസഭാ ചെയർപേഴ്സണുമായ എം. ശോഭന, ജനറൽ ക്യാപ്ടൻ സി.ആർ. മഹേഷ്, ചീഫ് കോ ഓർഡിനേറ്റർ പ്രവീൺകുമാർ മറ്റ് ഭാരവാഹികളായ പി.ജി. കൃഷ്ണൻ, റെജി ഫോട്ടോപാർക്ക്, ഷാജി കുളച്ച വരമ്പേൽ, കരുമ്പാലിൽ സദാനന്ദൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചിങ്ങമാസത്തെ ചതയം നാളിലാണ് കന്നേറ്റി കായലിൽ ശ്രീനാരായണ ട്രോഫി ജലോത്സവം നടത്തുന്നത്.

5 ചുണ്ടൻ വള്ളങ്ങൾ

6 തെക്കനോടി വള്ളങ്ങൾ

ചുണ്ടൻ വള്ളളുങ്ങളുടെ സമ്മാനം

ഒന്നാം സ്ഥാനം: 1 ലക്ഷം രൂപ

രണ്ടാം സ്ഥാനം: 50000 രൂപ

 മൂന്നാം സ്ഥാനം: 25000 രൂപ