ഓയൂർ: പൂയപ്പള്ളി ഗവ.ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്ക് റൈഫിൾ ഷൂട്ടിംഗ് പരിശീലനം ആരംഭിച്ചു. വെളിയം അഡ്വെഞ്ചർ സ്പോർട്സ് അക്കാഡമിയാണ് പരിശീലനം നൽകുന്നത്. കേഡറ്റുകൾക്കുള്ള മൂന്നുദിവസത്തെ ഓണം ക്യാമ്പിൽ പൂയപ്പള്ളി സബ് ഇൻസ്‌പെക്ടർ ടി. രാജേഷ്‌കുമാർ പരിശീലനം ഉദ്ഘാടനം ചെയ്തു. ഓണം ക്യാമ്പിന്റെ ഭാഗമായി ബോധവത്കരണ ക്ലാസുകൾ, ഗാന്ധിഭവനിൽ ഓണാഘോഷം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.
പി.ടി.എ പ്രസിഡന്റ് എം.ബി. പ്രകാശ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഥമാദ്ധ്യാപകൻ ഡി.കെ. ഷിബു സ്വാഗതം പറഞ്ഞു. ഗുരുനന്മ അവാർഡ് ജേതാവായ കേരളപുരം ഗവ. ഹൈസ്കൂളിലെ അദ്ധ്യാപിക ജസീന റഹിം മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ വൈസ് പ്രസിഡന്റ് ബൈജു, സി.പി.ഒ റാണി, ഷൂട്ടിംഗ് പരിശീലകൻ അനൂപ്, ഡ്രിൽ ഇൻസ്‌ട്രക്ടർ വിനോദ് ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.