chinnakkada

 കൊല്ലത്തിന്റെ വികസനത്തിന് വിശദ പദ്ധതി രേഖ

 ദേശീയ കോൺക്ളേവ് ഡൽഹിക്ക് പുറത്ത് ആദ്യമായി

കൊല്ലം: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അർബൻ ഡിസൈനേഴ്സ് ഇന്ത്യയുടെ സഹകരണത്തോടെ കൊല്ലം നഗരസഭ സംഘടിപ്പിക്കുന്ന നഗരവികസന കോൺക്ലേവ് 20നും 21നും കൊല്ലം ഹോട്ടൽ റാവീസിൽ നടക്കുമെന്ന് മേയർ വി. രാജേന്ദ്രബാബു വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

രാജ്യത്തിനകത്തും പുറത്തുമുള്ള നഗരവികസന രംഗത്തെ പ്രൊഫഷണലുകൾ കോൺക്ലേവിൽ പങ്കെടുക്കും. നഗരവികസന ആശയങ്ങൾ അവതരിപ്പിക്കാനും ചർച്ച ചെയ്യാനും കഴിയുന്ന 300 പേരാണ് ക്യാമ്പംഗങ്ങൾ. രാജ്യ തലസ്ഥാനത്തിന് പുറത്ത് ആദ്യമായാണ് ഇത്തരമൊരു കോൺക്ലേവ് സംഘടിപ്പിക്കുന്നത്.

25 വർഷത്തിനപ്പുറം കൊല്ലം എങ്ങനെയാകണമെന്ന രൂപരേഖ തയ്യാറാക്കുകയാണ് കോൺക്ളേവിന്റെ പ്രധാന ലക്ഷ്യം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടപ്പാക്കി വിജയിച്ച നഗരവികസന മാതൃകകളാണ് കോൺക്ലേവിൽ പ്രധാനമായും ചർച്ച ചെയ്യുക. കൊല്ലത്തിന്റെ വികസന മുന്നേറ്റത്തിന് ഇതിൽ ഏതൊക്കെ അവലംബിക്കാനാകുമെന്നും വിലയിരുത്തും.

വിവിധ നഗരസഭകളുടെ മേയർമാർ, മുനിസിപ്പൽ ചെയർമാൻമാർ, തദ്ദേശ സ്വയംഭരണ വകുപ്പ്, ടൗൺ പ്ലാനിംഗ് വിഭാഗം, വിവിധ സർക്കാർ വകുപ്പുകളിലെ അർബൻ ഡിസൈൻ വിദഗ്ദ്ധർ, ഡിസൈൻ രംഗത്തെ മികച്ച വിദ്യാർത്ഥികൾ എന്നിവരും കോൺക്ലേവിന്റെ ഭാഗമാകും.

വാർത്താ സമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ്, സ്ഥിരം സമിതി അദ്ധ്യക്ഷ ചിന്ത എൽ. സജിത്, എ.കെ. ഹഫീസ്, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അർബൻ ഡിസൈനേഴ്സ് ഇന്ത്യ ദേശീയ സെക്രട്ടറി മനോജ് കിണി എന്നിവരും പങ്കെടുത്തു.

 വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കും

ജില്ലയുടെ സാംസ്കാരിക പാരമ്പര്യം, ചരിത്രം എന്നിവ പ്രതിഫലിപ്പിക്കുന്ന അടിസ്ഥാന സൗകര്യ വികസനം. ദുരന്ത നിവാരണ സംവിധാനങ്ങൾ, മെച്ചപ്പെട്ട നഗരഭരണം, ടൂറിസം രംഗത്തെ അടിസ്ഥാന സൗകര്യ വികസനം, മാലിന്യ സംസ്കരണം, ഗതാഗത ക്രമീകരണം എന്നിവയെ അടിസ്ഥാനപ്പെടുത്തി നഗരത്തിന് ആഗോള നിലവാരത്തിലുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കും.

 വികസനത്തിന് നേരിടുന്ന പ്രധാന വെല്ലുവിളി

1- നഗരവൽക്കരണത്തിന്റെ വേഗതക്കുറവ്

2- കൊല്ലത്തേക്ക് കുടിയേറുന്നവരുടെ എണ്ണത്തിൽ കുറവ്

3- കൊല്ലത്ത് നിന്ന് മറ്റു നഗരങ്ങളിലേക്ക് കുടിയേറുന്നവരുടെ എണ്ണം കൂടുന്നു

4- ഇതര ദേശങ്ങളിൽ നിന്ന് ജനങ്ങളെ ആകർഷിക്കാൻ സ്ഥാപനങ്ങളില്ല

5- ദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല

6- പുറത്ത് നിന്നുള്ള വിദ്യാർത്ഥികൾ നാമമാത്രമായി മാത്രം വരുന്നു

.........................

ജനങ്ങളെ കൊല്ലത്തേക്ക് ആകർഷിക്കാൻ കഴിയുന്ന വികസന മാതൃക വേണം. ടൂറിസം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങി എല്ലാ മേഖലയിലും മികച്ച മാതൃകകൾ ഉണ്ടാകണം. റോഡ് മാത്രമല്ല വികസനത്തിന്റെ മാനദണ്ഡം.

മനോജ് കിണി

സെക്രട്ടറി, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അർബൻ ഡിസൈനേഴ്സ് ഇന്ത്യ