messikuttyamma-innagurati
കൊല്ലം ആശ്രാമം പോയിന്റ് ആർട്ട് ഗാലറിയിൽ നടന്ന ചടങ്ങിൽ സിദ്ധാർത്ഥ ഫൗണ്ടേഷന്റെ 2019ലെ സാഹിത്യ, ചിത്രരചനാ പുരസ്കാര വിതരണം മന്ത്രി ജെ. മേഴ്സികുട്ടിഅമ്മ ഉദ്ഘാടനം ചെയ്യുന്നു. സാഹിത്യ പുരസ്കാര ജേതാവ് പ്രഭാവർമ്മ സമീപം.

കൊല്ലം: സാംസ്കാരിക വിദ്യാഭ്യാസ മേഖലയിൽ പതിനഞ്ചു വർഷമായി കൊല്ലം കേന്ദ്രമായി പ്രവർത്തിക്കുന്ന സിദ്ധാർത്ഥ ഫൗണ്ടേഷന്റെ 2019ലെ സാഹിത്യ ചിത്രരചനാ പുരസ്കാരങ്ങൾ ആശ്രാമം പോയിന്റ് ആർട്ട് ഗാലറിയിൽ നടന്ന ചടങ്ങിൽ മന്ത്രി ജെ. മേഴ്സി കുട്ടിഅമ്മ വിതരണം ചെയ്തു
കനൽ ചിലമ്പ് എന്ന കൃതിയ്ക്ക് പ്രഭാവർമ്മ സാഹിത്യ പുരസ്ക്കാരത്തിനും പൊള്ളാച്ചിക്കാഴ്ചകൾ എന്ന രചനയ്ക്ക് ഉദയകുമാർ ചിത്രകലാ പുരസ്കാരത്തിനും അർഹരായി.
25000 രൂപയും ബുദ്ധശില്പവും പ്രശംസാപത്രവും അടങ്ങുന്നതാണ് എട്ടു വർഷമായി നൽകിവരുന്ന സിദ്ധാർത്ഥ പുരസ്ക്കാരങ്ങൾ.
അഞ്ച് മികച്ച രചനകൾക്കുള്ള ജൂറിയുടെ പ്രത്യേക പുരസ്കാരങ്ങളും വിതരണം ചെയ്തു. രാജേന്ദ്രൻ പുല്ലൂർ,ഡോട്.സി. ആന്റണി, അനിൽ രൂപചിത്ര, എം.ആർ. ജീതിൻ, ടി. ആർ. രാജേഷ് എന്നിവരാണ് അതിന് അർഹരായത്.

ഛായാചിത്രരചനയ്ക്ക് കോട്ടയം മോഹൻദാസിനും, ജലഛായ ചിത്രരചനയിൽ സുനിൽ ലിനസ്ഡേയ്ക്കും, മ്യൂറൽ ചിത്രരചനയിൽ രാജേന്ദ്രൻ കർത്തായ്ക്കും, കഥകളി നൃത്തത്തിൽ
കലാമണ്ഡലം രാജീവിനും ബാല ചിത്രകലാപ്രതിഭ ബേബി ശലകയ്ക്കും മന്ത്രി പുരസ്ക്കാരങ്ങൾ നൽകി.

സംസ്ഥാന ചിത്രപ്രദർശനത്തിന്റെ സമാപനത്തോടനുബന്ധിച്ച് സുനിൽ ലിനസ് ഡെയുടെ വാട്ടർ കളർ ലൈവ് ഡെമോൺസ്ട്രേഷനും ഉണ്ടായിരുന്നു.
ചടങ്ങിൽ ഫൗണ്ടേഷൻ സെക്രട്ടറി യു.സുരേഷ് സ്വാഗതവും ദേവൻ കലാഗ്രാമം പ്രസിഡന്റ് ദീപക് മയ്യനാട് നന്ദിയും പറഞ്ഞു.
സാഹിത്യ അവാർഡ് നിർണയ സമിതി കൺവീനർ കെ. സജീവ് കുമാർ അദ്ധ്യക്ഷനായിരുന്നു. എം.ജി യൂണിവേഴ്സിറ്റി മുൻ പി.ആർ.ഒയും കരിയർ ഗുരുവുമായ ജി. ശ്രീകുമാർ, പ്രഭാവർമ്മ എന്നിവർ പ്രസംഗിച്ചു.