navas
പ്രതി രാജു സർക്കാർ

ശാസ്താംകോട്ട: ആറുവർഷം മുമ്പ് ക്രഷർ യൂണിറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ശൂരനാട് ആയിക്കുന്നം ശിവൻകുട്ടി നായരെ കൊലപ്പെടുത്തി പണവും മൊബൈൽ ഫോണും അപഹരിച്ച കേസിൽ ബംഗാൾ സ്വദേശി രാജു സർക്കാറിനെ ( 27 ) സിക്കിമിൽനിന്ന് കേരള പൊലീസ് അറസ്റ്റു ചെയ്തു. പ്രതിയെ കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഇന്നലെ പുലർച്ചെ നാട്ടിലെത്തിച്ചു.

കേബിൾ വയർ ഉപയോഗിച്ച് കഴുത്തു മുറുക്കി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയശേഷം 15000 രൂപയും മൊബൈൽ ഫോണും അപഹരിക്കുകയായിരുന്നു. 2013 മേയിലാണ് സംഭവം. ആദിക്കാടുള്ള കാവേരി ക്രഷർ യൂണിറ്റിലെ കെട്ടിടത്തിലാണ് മൃതദേഹം കണ്ടത്. ശാസ്താംകോട്ട പൊലീസ് കൊലപാതകത്തിന് കേസെടുത്തിരുന്നു. നഷ്ടപ്പെട്ട മൊബൈൽ ഫോൺ പശ്ചിമബംഗാളിൽ സിഗ്നൽ കാട്ടിയതിനെ തുടർന്ന് ബംഗാൾ സ്വദേശികളായ രണ്ടു തൊഴിലാളികളെ ചുറ്റിപ്പറ്റി അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് ഒരുമാസം മുമ്പ് മാത്രം കേരളത്തിലെത്തുകയും രണ്ടാഴ്ച മുമ്പ് മാത്രം കാവേരി ക്രഷറിൽ ജോലിക്കു പ്രവേശിക്കുകയും ചെയ്ത ഇവരുടെ ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ലഭ്യമായിരുന്നില്ല. പ്രത്യേക അന്വേഷണ സംഘം പശ്ചിമബംഗാളിൽ നിന്ന് പ്രതിയുടെ കുടുംബാംഗങ്ങളെ സംബന്ധിക്കുന്ന വിവരങ്ങൾ സംഘടിപ്പിച്ചു. ഇതേ തുടർന്ന് കഴിഞ്ഞ രണ്ടു മാസമായി പ്രത്യേക അന്വേഷണ സംഘം പ്രതിയെ നിരീക്ഷിച്ചു വരികയായിരുന്നു. സിക്കിമിലെ കുഗ്രാമത്തിൽ ഒളിവിൽ കഴിയുന്നതായി അറിഞ്ഞാണ് അവിടെയെത്തി പിടികൂടിയത്. റൂറൽ ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ,കൊട്ടാരക്കര ഡിവൈ. എസ്. പി നാസറുദ്ദിൻ, ശാസ്താംകോട്ട ഇൻസ്‌പെക്ടർ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലുൾപ്പെട്ട ശൂരനാട് എസ്.ഐ നിസാറുദ്ദിൻ, എ.എസ്.ഐ അജയകുമാർ, എ.എസ്.ഐ പ്രസന്നകുമാർ, എസ്.സി.പി.ഒ സക്കീർ ഹുസൈൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.