അഞ്ചൽ: അഞ്ചൽ പുത്തയത്ത് ആഗസ്റ്റ് 31ന് ഉണ്ടായ മുഖംമൂടി ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ അഞ്ചൽ പൊലീസ് അറസ്റ്റു ചെയ്തു. കോട്ടുക്കൽ യു.പി.എസിന് സമീപം ചരുവിളപുത്തൻവീട്ടിൽ അൻസർഖാനെയാണ് (29) ഞായറാഴ്ച രാത്രി അഞ്ചൽ സി.ഐ സി.എൽ. സുധീറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
മുഖംമൂടി ആക്രമണത്തിൽ പുത്തയം സ്വദേശികളായ ജനാർദ്ദനപിള്ള, മകൻ ജിനു, ജിനുവിന്റെ ഭാര്യ സുവർണ്ണ, അയൽവാസിയായ ദീപ എന്നിവർക്ക് പരിക്കേറ്റിരുന്നു. വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ജിനുവിനെ കാറിൽ എത്തിയ സംഘം വിളിച്ചിറക്കിയ ശേഷം കമ്പിവടികൊണ്ടും വടിവാൾകൊണ്ടും ആക്രമിക്കുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിക്കവേയാണ് മറ്റുള്ളവർക്ക് മർദ്ദനമേറ്റത്. സംഭവുമായി ബന്ധപ്പെട്ട മറ്റുള്ളവർക്കായി അന്വേഷണം ഊർജ്ജിതമാക്കി.