കൊല്ലം: ചിന്നക്കട ക്ളോക്ക് ടവറിന് സമീപം നഗരസഭ നിർമ്മിക്കുന്ന ആധുനിക അമിനിറ്റി സെന്റർ രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാകും. റെയിൽവെ മേൽപ്പാലത്തിൽ നിന്ന് ചിന്നക്കട ബസ് ബേ, ക്ലോക്ക് ടവർ ഭാഗത്തെ റോഡ് എന്നിവിടങ്ങളിലേക്ക് നടന്നിറങ്ങാൻ കഴിയുന്ന പടികളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്. അമിനിറ്റി സെന്റർ പൂർത്തിയാകുന്നതിന് ആനുപാതികമായി പടികളുടെ നിർമ്മാണവും പൂർത്തിയാകും. ഒരു കോടിയിലേറെ രൂപ ചെലവഴിച്ചാണ് നഗരസഭ അമിനിറ്റി സെന്ററും ചവിട്ട് പടികളും നിർമ്മിക്കുന്നത്. രണ്ട് നിലകളിലായാണ് നിർമ്മാണം. ഇവിടെ സ്ത്രീകൾക്കും കുട്ടികക്കും പ്രത്യേകം സൗകര്യങ്ങളുമുണ്ടാകും.
റെയിൽവേ മേൽപ്പാലം നിർമ്മിച്ചതോടെ രണ്ടായി മുറിഞ്ഞ് മാറിയ ചിന്നക്കടയിൽ മേൽപ്പാലത്തിൽ നിന്ന് ചവിട്ട് പടികൾ വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പാലം നിർമ്മിച്ച ഘട്ടത്തിൽ പടികൾ വേണ്ട സ്ഥലത്ത് കൈവരികൾ നിർമ്മിച്ചിരുന്നില്ല. പടികളുടെ നിർമ്മാണത്തിനായി നിരന്തര ആവശ്യങ്ങൾ ഉയർന്നിട്ടും നീണ്ടുപോയി. ഓണത്തിന് നിർമ്മാണം പൂർത്തിയാക്കാനാണ് ശ്രമിച്ചതെങ്കിലും നിർമ്മാണത്തിലെ വേഗക്കുറവ് കാരണം അതിന് കഴിഞ്ഞില്ല.
നിരവധി സൗകര്യങ്ങൾ
സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേകം ശുചിമുറി
സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക വിശ്രമ കേന്ദ്രം
പൊതു ശുചിമുറികൾ
നാപ്കിൻ വെൻഡിംഗ് യന്ത്രം
വിശ്രമ മുറികൾ ആധുനിക സൗകര്യങ്ങളോടെ
അത്യാധുനിക കഫെറ്റീരിയ
എ.ടി.എം കൗണ്ടർ
പ്രഥമ ശുശ്രൂഷ നൽകാനുള്ള കേന്ദ്രം
രക്ത പരിശോധനാ കേന്ദ്രം
മാലിന്യ സംസ്കരണ സംവിധാനങ്ങൾ
.......................
ചവിട്ട് പടികൾ യാത്രക്കാർക്ക് സഹായമേകും
റെയിൽവെ മേൽപ്പാലത്തിൽ നിന്ന് ചിന്നക്കട ബസ് ബേയിൽ എത്തണമെങ്കിൽ ഇപ്പോൾ നഗരത്തിന് ചുറ്റും നടക്കേണ്ട ഗതികേടാണ് യാത്രക്കാർക്ക്. രണ്ട് ചവിട്ട് പടികൾ വരുന്നതോടെ ഈ ബുദ്ധിമുട്ട് മാറും. റെയിൽവേ സ്റ്റേഷനിൽ നിന്ന് മേൽപ്പാലത്തിലേക്ക് നടന്ന് കയറി ചവിട്ട് പടികൾ ഇറങ്ങി ബസ് ബേയിലെത്താം.
....................................
രണ്ട് മാസത്തിനുള്ളിൽ അമിനിറ്റി സെന്ററിന്റെയും ചവിട്ട് പടികളുടെയും നിർമ്മാണം പൂർത്തിയാക്കും. അത്യാധുനിക സംവിധാനങ്ങൾ അമിനിറ്റി സെന്ററിലുണ്ടാകും.
എം.എ. സത്താർ
നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷൻ
നടത്തിപ്പ് ചുമതല
നഗരത്തിലെത്തുന്ന ദീർഘദൂര യാത്രികർ ഉൾപ്പെടെയുള്ളവർക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും കുളിക്കാനും സൗകര്യമൊരുക്കുയെന്ന ലക്ഷ്യമാണ് അമിനിറ്റി സെന്ററിന്. നിർമ്മാണം പൂർത്തീകരിച്ച ശേഷം നടത്തിപ്പ് ചുമതല ഏതെങ്കിലും സർക്കാർ/ സ്വകാര്യ ഏജൻസികൾക്ക് കൈമാറിയേക്കും.