കൊല്ലം: ഓണത്തിന്റെ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തീകരിക്കാൻ ഇന്ന് നാടും നഗരവും ഉത്രാടപാച്ചിലിൽ. ഒരു രാവിനപ്പുറം തിരുവോണത്തെ വരവേൽക്കാൻ പൂവിളിയുമായി മലയാള നാട് തയ്യാറായി കഴിഞ്ഞു. ഒന്നാം ഓണം കൂടിയായ ഉത്രാട നാളിൽ വ്യാപാര മേഖലകളിൽ ഉത്സവത്തിരക്കാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ മുതൽ നഗരത്തിലെ വ്യാപാര കേന്ദ്രങ്ങളിൽ വൻ ജനത്തിരക്കാണ്.
നിരത്തിലെ വാഹനത്തിരക്ക് നിയന്ത്രിക്കാൻ ഓരോ നൂറ് മീറ്ററിലും നഗരത്തിനുള്ളിൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ പ്രത്യേക പാർക്കിംഗ് കേന്ദ്രങ്ങൾ നിശ്ചയിച്ച് നൽകിയിട്ടുണ്ടെങ്കിലും ഉത്സവാഘോഷത്തിന്റെ തിരക്കിലമരുകയാണ് നഗരം. വ്യാപാര കേന്ദ്രങ്ങൾക്കൊപ്പം കൊല്ലം ബീച്ചും ആശ്രാമം മൈതാനവും ഉൾപ്പെടെയുള്ള വിനോദ കേന്ദ്രങ്ങളിലും കുടുംബങ്ങളുടെയും സൗഹൃദ കൂട്ടങ്ങളുടെയും തിരക്കാണ്.
സജീവമായി വസ്ത്ര, പച്ചക്കറി, പൂ വിപണികൾ
ഇന്നലെ വസ്ത്ര വിപണിക്കൊപ്പം കൂടുതൽ സജീവമായത് പച്ചക്കറി - പൂ വിപണികളാണ്. അത്ത പൂക്കളങ്ങളൊരുക്കാൻ തമിഴ്നാട്ടിൽ നിന്ന് വൻ തോതിൽ പൂക്കളെത്തിച്ചിട്ടുണ്ട് വ്യാപാരികൾ. ഇന്നലെ മുതൽ പൂക്കളുടെ 50 മുതൽ 250 രൂപ വരെയുള്ള കിറ്റുകൾക്ക് ആവശ്യക്കാരെത്തി തുടങ്ങി. നാടൻ ജൈവ പച്ചക്കറി വിൽപ്പന കേന്ദ്രങ്ങളോടാണ് ജനങ്ങൾ കൂടുതൽ താൽപ്പര്യം കാണിച്ചതെങ്കിലും സമാനതകളില്ലാത്ത തിരക്കായിരുന്നു വിപണിയിൽ പൊതുവെ.
കൈപൊള്ളുന്ന വാഴയില
സദ്യ ഒരുക്കാനുള്ള സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിനൊപ്പം സദ്യ വിളമ്പാനുള്ള ഇലയ്‌ക്കും ആവശ്യക്കാരേറെയാണ്. പൊതുവെ 4 രൂപ മുതൽ 6 രൂപ വരെ ഈടാക്കിയിരുന്ന ഒരു വാഴയിലയ്‌ക്ക് ഇന്നലെ വിപണിയിൽ വിലയേറി. ജില്ലയിൽ വാഴ കൃഷി ഏറെയുണ്ടെങ്കിലും വാഴയില വിപണിയിലെത്തിക്കുന്ന തരത്തിലേക്ക് നമ്മുടെ കർഷകർ മാറിയിട്ടില്ല. അതിനാൽ വാഴയിലയും കൂടുതലായി എത്തുന്നത് തമിഴ്നാട്ടിൽ നിന്നാണ്.
പ്രതീക്ഷിക്കാതെ മഴ
ഇന്നലെ പകൽ മുഴുവൻ നല്ല കാലാവസ്ഥ ആയിരുന്നുവെങ്കിലും സന്ധ്യയോടെ പെയ്ത ചാറ്റൽമഴ കച്ചവടക്കാരെയും സാധനങ്ങൾ വാങ്ങാനെത്തിയവരെയും വലച്ചു. വഴിയോര കച്ചവടക്കാരെയാണ് മഴ ചതിച്ചത്. ചാറ്റൽ മഴ ശക്തി പ്രാപിക്കാതെ പെട്ടെന്ന് തോർന്നത് ആശ്വാസമായി.