kunnathur
മെറ്റൽ ചിതറി കിടക്കുന്ന കുന്നത്തൂർ നെടിയവിള ജംഗ്ഷനിൽ വാഹനങ്ങൾ പോകുമ്പോഴുള്ള പൊടിശല്യം

കുന്നത്തൂർ: കിഫ്ബിയിൽ ഉൾപ്പെടുത്തി ആരംഭിച്ച കൊട്ടാരക്കര - സിനിമാപറമ്പ് റോഡിന്റെ നവീകരണം നാളെനാളെയാകുന്നു. രണ്ടുവർഷം മുമ്പ് ആരംഭിച്ച ജോലികളാണ് ഇഴഞ്ഞുനീങ്ങുന്നത്. ഇതിനോടൊപ്പം ഉദ്യോഗസ്ഥരുടെ മേൽനോട്ടമില്ലാതെയുള്ള അശാസ്ത്രീയമായ നിർമ്മാണം കൂടിയായപ്പോൾ വാഹന യാത്രികർ കടുത്ത യാത്രാദുരിതമാണ് അനുഭവിക്കുന്നത്.

കൊട്ടാരക്കര കോടതി സമുച്ചയത്തിന് സമീപത്തു നിന്നാരംഭിക്കുന്ന നവീകരണം പുത്തൂരിൽ അവസാനിപ്പിച്ചശേഷം അഞ്ച് കിലോമീറ്ററിന് ശേഷം

കുന്നത്തൂർ പാലം മുതൽ സിനിമാപറമ്പ് വരെയാണ് നടത്തേണ്ടത്. പുത്തൂർ മുതൽ കുന്നത്തൂർ പാലം വരെയുള്ള ഭാഗം ശിവഗിരി ഹൈവേയിൽ ഉൾപ്പെട്ടതിനാലാണ് ഒഴിവാക്കിയത്. നവീകരണം പാതിവഴിയിലായതോടെ കുന്നത്തൂർ മുതൽ സിനിമാപറമ്പ് വരെയുള്ള ഭാഗത്ത് വേനൽക്കാലത്തും മഴക്കാലത്തും ഒരുപോലെ ദുരിതമാണ് അനുഭവപ്പെടുന്നത്.

പലഭാഗങ്ങളിലും പഴയ ടാറിംഗ് ഇളക്കിമാറ്റിയ ശേഷം മെറ്റലും പാറപ്പൊടിയും പാകിയിരിക്കുകയാണ്. ഇവ ഇളകിയതാണ് യാത്രക്കാരെ ഏറെ വലയ്ക്കുന്നത്. ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് പാതയിലൂടെ കടന്നുപോകുന്നത്. ഇവർക്കൊപ്പം കാൽനട യാത്രികരും ദുരിതം അനുഭവിക്കുന്നു. ഓണത്തിനു മുമ്പ് റോഡിന്റെ നിർമ്മാണം പൂർത്തിയാകും എന്നാണ് അധികൃതർ അറിയിച്ചിരുന്നതെങ്കിലും ഒന്നും നടപ്പായില്ല.

ഭീഷണിയായി ഗർത്തങ്ങളും പൊടിശല്യവും

മെറ്റലുകൾ പാകിയ സ്ഥലങ്ങളിൽ രൂപപ്പെട്ട വൻ ഗർത്തങ്ങളാണ് റോഡിലെ പ്രധാന ഭീഷണി. മഴക്കാലത്ത് ഇവയിൽ വെള്ളംകെട്ടി നിൽക്കുന്നതിനാൽ അപകടം തിരിച്ചറിയാനാകില്ല. തൊളിക്കൽ,ആറ്റുകടവ് ഭാഗങ്ങളിൽ റോഡിനു കുറുകെ അശാസ്ത്രിയമായി ഹമ്പുകൾ സ്ഥാപിച്ചതും കീറിമുറിച്ചതും മറ്റൊരു പ്രശ്നമാണ്.

ഭാരം കയറ്റിയ വാഹനങ്ങളും ഇരുചക്ര വാഹന യാത്രികരമാണ് ഇവിടം കടക്കാൻ ഏറെ പ്രയാസപ്പെടുന്നത്. തൊളിക്കൽ വളവിൽ റോഡിനു കുറുകെ തീർത്ത ചാൽ അപകട ഭീഷണിയെ തുടർന്ന് നാട്ടുകാരാണ് മണ്ണിട്ട് മൂടിയത്. മഴ ഇല്ലാത്തപ്പോൾ ഉയരുന്ന പൊടിശല്യവും ഏവരേയും വലയ്ക്കുന്നു.

അടവുകൾ പലതും പയറ്റണം

ആറ്റുകടവ്, കുന്നത്തൂർ ഫാക്ടറി, നെടിയവിള, ഭൂതക്കുഴി, തൊളിക്കൽ തുടങ്ങിയ ഭാഗങ്ങളിലൂടെ യാത്ര ചെയ്യണമെങ്കിൽ അഭ്യാസങ്ങൾ കാണിക്കേണ്ട അവസ്ഥയാണ്. വള്ളം തുഴയുന്നതു പോലെയാണ് വാഹനങ്ങൾ കടന്നു പോകുന്നത്. സൂക്ഷിച്ചില്ലെങ്കിൽനടവൊടിയുന്ന അവസ്ഥയിലാണ് കാര്യങ്ങൾ

കൈയേറ്റങ്ങൾ ഒഴിപ്പിക്കലും നടന്നില്ല

റോഡ് വികസനത്തിന്റെ ഭാഗമായി കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിലും അധികൃതർക്ക് ഉദാസീനതയാണെന്നാണ് ജനങ്ങൾ പറയുന്നത്. കൊട്ടാരക്കര മുതൽ വെണ്ടാർ വരെയുള്ള കൈയ്യേറ്റങ്ങൾ ഒരു പരിധി വരെ ഒഴിപ്പിച്ചിട്ടുണ്ടെങ്കിലും കുന്നത്തൂർ പാലം മുതൽ സിനിമാപറമ്പ് വരെ ഇതല്ല സ്ഥിതി. കൈയ്യേറ്റങ്ങൾ കണ്ടെത്താൻ ശാസ്താംകോട്ട താലൂക്ക് റവന്യൂ വിഭാഗത്തിൽ നിന്ന് ഉദ്യോഗസ്ഥർ എത്താത്തതാണ് കാരണമെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്.