photo

കൊട്ടാരക്കര: 'ഓണത്തിന് ഒരു മുറമല്ല,​ രണ്ടുമുറം പച്ചക്കറി'യുമായി നില്ക്കുകയാണ് അഞ്ചര വയസുകാരൻ ഇന്ദ്രജ്! പൂക്കളും കായ്കളും പറിച്ചുകളിക്കേണ്ട പ്രായത്തിൽ സ്വന്തമായി കൃഷി ചെയ്ത് കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ മികച്ച കുട്ടിക്കർഷകനുള്ള പുരസ്കാരം നേടിയതിന്റെ ത്രില്ലിലാണ് ഇത്തവണത്തെ വിളവെടുപ്പ്.

പാരിപ്പള്ളി,​ കരിമ്പാലൂർ റാണി ഭവനിൽ വിനോദ് ബാബുവിന്റെയും ഗംഗാറാണിയുടെയും മകനാണ് ഒന്നാം ക്ലാസിൽ പഠിക്കുന്ന ഇന്ദ്രജ്. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായിരുന്ന 'അമ്മച്ചിയച്ഛൻ' സുരേന്ദ്രൻ നല്ല കൃഷിക്കാരനുമായിരുന്നു. നെല്ലും പച്ചക്കറിയും കിഴങ്ങ് വർഗങ്ങളും കൃഷി ചെയ്തുവന്ന കുടുംബത്തിൽ പാരമ്പര്യത്തിന്റെ കാർഷിക ആവേശം ഇന്ദ്രജിൽ കണ്ടുതുടങ്ങിയത് രണ്ടര വർഷം മുൻപാണ്. 'അമ്മച്ചിയച്ഛൻ' മരിച്ചെങ്കിലും കൃഷി അന്യം നിന്നിരുന്നില്ല. പാടത്തെ പണിക്കാർക്കൊപ്പം ഇന്ദ്രജും അമ്മാമ്മ ലതികയുടെ കൈപിടിച്ച് പണിക്കിറങ്ങും. വരമ്പ് പിടിക്കലും വിത്ത് വിതയ്ക്കലും കൊയ്ത്തുമൊക്കെ അവന് ഹരമായി. ബന്ധുവീട്ടിൽ നിന്നു കൊണ്ടുവന്ന മുളക് വിത്ത് നട്ട് കിളിർപ്പിച്ച് ഇന്ദ്രജ് പരിപാലിക്കുന്നത് കണ്ടപ്പോൾ മാതാപിതാക്കൾ പ്രോത്സാഹനവുമായി കൂടെനിന്നു. വീടിനോട് ചേർന്ന ഒന്നര സെന്റ് സ്ഥലം ഇന്ദ്രജിന്റെ താത്പര്യപ്രകാരം കൃഷിക്കായി ഒരുക്കി നൽകി. അവിടെ ഗ്രോ ബാഗുകളിലാണ് ഇന്ദ്രജ് കൃഷി തുടങ്ങിയത്. പാവലും പടവലവും വെണ്ടയും പയറും ഇഞ്ചിയും ചേനയും കാച്ചിലും മുളകും മത്തനും ചീരയും തുടങ്ങി ഒട്ടുമിക്കവയും ഇന്ദ്രജ് നട്ടു. അമ്മ പറഞ്ഞുകൊടുത്തത് അനുസരിച്ച് തുളസിയിലയും ഇരുവേലിയുമടങ്ങുന്ന പ്രകൃതിദത്ത കീടനാശിനിയാണ് ഉപയോഗിക്കുന്നത്.

കുട്ടിക്കർഷകന്റെ വാർത്തയറിഞ്ഞ് കല്ലുവാതുക്കൽ കൃഷി ഓഫീസർ നേരിട്ടെത്തി ആവശ്യമായ ഉപദേശവും പ്രോത്സാഹനവും നൽകി. കൃത്രിമ കുളം നിർമ്മിച്ച് മത്സ്യക്കൃഷിയും തുടങ്ങി. മികച്ച വിളവ് ലഭിച്ചതോടെ ആഴ്ചതോറും വിപണിയിൽ എത്തിച്ച് വിൽക്കാനും തുടങ്ങി. കല്ലുവാതുക്കൽ പഞ്ചായത്തിലെ മെമ്പർമാർ കൃഷി സ്ഥലത്തെത്തി ബോദ്ധ്യപ്പെട്ട ശേഷമാണ് മികച്ച കുട്ടിക്കർഷകനായി തിരഞ്ഞെടുത്തത്. കൊട്ടാരക്കര അക്ഷരം കലാസാഹിത്യവേദിയും മികച്ച കുട്ടിക്കർഷകനുള്ള പുരസ്കാരം നൽകി അനുമോദിച്ചു. ഓണസദ്യയ്ക്കുള്ള പച്ചക്കറികളുടെ വിളവെടുപ്പ് തുടങ്ങിയപ്പോൾ അയൽക്കാരും അടുത്തുകൂടി. ഹെൽത്ത് ഇൻസ്പെക്ടറായ അച്ഛനും അദ്ധ്യാപികയായ അമ്മയും ഇപ്പോൾ മകന്റെ വഴിയിൽ കൂടുതൽ കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ്. അനുജൻ ഇന്ദ്രകാന്തും (3) ചേട്ടനെ സഹായിക്കാൻ എത്താറുണ്ട്.

ചന്ദ്രയാനെക്കുറിച്ച്...

കൃഷിയിൽ മാത്രമല്ല പഠിക്കാനും മിടുക്കനാണ്. പ്രസംഗം, ചിത്രരചന, കവിത ചൊല്ലൽ എന്നിവയിലെല്ലാം നിരവധി സമ്മനങ്ങൾ ലഭിച്ചിട്ടുണ്ട്. ചന്ദ്രയാനെക്കുറിച്ച് എന്തറിയാം എന്നു ചോദിച്ചപ്പോൾ ഇന്ദ്രജ് പറഞ്ഞു: ചന്ദ്രനിൽ കൃഷിക്കു പറ്റിയ വെള്ളമുണ്ടോ എന്ന് നോക്കാൻ പോയതാ,​ പക്ഷേ,​ സോഫ്റ്റ് ലാൻഡിംഗ് പറ്റീല,​ അവിടെ പാറ ഉണ്ടായിരുന്നു. അതിലിടിച്ച് ലാൻഡർ ഉടഞ്ഞുപോയി.