photo
അടച്ചുപൂട്ടിയ കുളക്കടയിലെ തൂക്കുപാലം

നിർമ്മിച്ചത്:7 വർഷം മുമ്പ്

ചെലവ്: 90 ലക്ഷം രൂപ

കൊട്ടാരക്കര: സഞ്ചാരികളെ ഏറെ ആകർഷിച്ചിരുന്ന കുളക്കട- ഇളംഗമംഗലം തൂക്കുപാലത്തിന്റെ ശാപമോക്ഷം വൈകുന്നു. തൊണ്ണൂറ് ലക്ഷം രൂപ ചെലവിൽ ഏഴ് വർഷം മുമ്പ് നിർമ്മിച്ച പാലമാണ് അസ്ഥി പഞ്ജരം കണക്കിനായത്. യാത്രക്കാരും കാഴ്ചക്കാരും കടക്കാത്തവിധം തൂക്കുപാലം അടച്ചിട്ടിട്ട് ഒരു വർഷം പിന്നിട്ടു. പി.ഐഷാപോറ്റി എം.എൽ.എ മുൻകൈയെടുത്ത് കല്ലടയാറിന് കുറുകെ മനോഹരമായ തൂക്കുപാലം നിർമ്മിച്ചത്. കൊല്ലം ജില്ലയിലെ കുളക്കട ഗ്രാമത്തെയും പത്തനംതിട്ട ജില്ലയിലെ ഇളംഗമംഗലം ഗ്രാമത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം വലിയ പ്രതീക്ഷയോടെയാണ് നാട്ടുകാർ വരവേറ്റത്.

നിർമ്മാണം പൂർത്തിയായെങ്കിലും അപ്രോച്ച് റോഡ് ഇല്ലാത്തതിനാൽ ഏറെക്കാലം ബുദ്ധിമുട്ടായിരുന്നു. പിന്നീട് കല്ലടയാറിന്റെ തീരഭാഗത്തുകൂടി കഷ്ടിച്ച് ഒരാൾക്ക് നടന്നുപോകാവുന്ന രീതിയിൽ നടപ്പാതയൊരുക്കിയാണ് പാലത്തിലെത്തിച്ചത്. തൂക്കുപാലത്തിന്റെ പെരുമ പെട്ടെന്ന് പരന്നതിനാൽ സഞ്ചാരികളും ഏറെ ഇവിടേക്ക് എത്തി. നടപ്പാതയിലെ ഇരുമ്പ് പാളികൾ ഇളകിയതോടെ 2018 മാർച്ച് 31ന് പാലം താത്കാലികമായി അടച്ചു. അറ്റകുറ്റപ്പണികൾ നടത്തി വീണ്ടും തുറക്കാനായിരുന്നു തീരുമാനം.

12,77,148 രൂപയുടെ അടങ്കൽ തയ്യാറാക്കി. ജില്ലാ പഞ്ചായത്ത് ആറ് ലക്ഷം രൂപയും ബാക്കി തുക കുളക്കട ഗ്രാമപഞ്ചായത്തും നൽകാനാണ് തീരുമാനമായത്. കെല്ലിനായിരുന്നു നിർമ്മാണ ചുമതല. എന്നാൽ പ്രളയ സമയത്ത് കല്ലടയാറ്റിൽ ജലനിരപ്പ് ഉയരുകയും വലിയ തടികളും മറ്റും തൂക്കുപാലത്തിൽ വന്നിടിക്കുകയും ചെയ്തു. ഇതോടെ പാലം തകർച്ച വർ‌ദ്ധിച്ചു. പാലത്തിൽക്കൂടി ആളുകൾ സഞ്ചരിക്കുന്നത് തുടർന്നതോടെ അപകടത്തിന് സാദ്ധ്യതയും വർദ്ധിച്ചു. ഇതോടെ പാലം പൂർണമായും അടച്ചു.

തകർന്ന പാലം കൂടുതൽ തകർച്ചയിലേക്ക് നീങ്ങുകയാണ്. ഇത് അറ്റകുറ്റപ്പണി നടത്തിയാൽ ഫലമുണ്ടാകില്ല. തൂക്ക് പാലത്തിന് പകരം കോൺക്രീറ്റ് പാലം വന്നെങ്കിൽ മാത്രമേ ഇവിടുത്തെ യാത്രാ ദുരിതത്തിന് പരിഹാരം ആവുകയുള്ളു. തൂക്ക് പാലം വരും മുമ്പ് കടത്തുവള്ളമുണ്ടായിരുന്നു. ഇപ്പോൾ അതും ഇല്ലാത്തതിന്റെ ബുദ്ധിമുട്ടിലാണ്

ജനങ്ങൾ

സഞ്ചാരികൾക്ക് നിരാശ

നാട്ടുകാർക്ക് കല്ലടയാറ് കടന്ന് മറുകരയെത്താൻ വലിയ ആശ്വാസമായിരുന്നു തൂക്കുപാലം. അത് തകരാറിലായതിന്റെ നിരാശ പ്രകടമായിട്ടുണ്ട്. ഓണക്കാലമായതോടെ പല നാടുകളിൽ നിന്നും തൂക്കുപാലം കാണാനായി ഇവിടേക്ക് ആളുകളെത്തുന്നുണ്ട്. പാലത്തിലേക്ക് എത്താനുള്ള നടവഴി കാട് മൂടിയിരിക്കയാണ്. ഇത് താണ്ടി അടുത്തെത്തുമ്പോഴാണ് പാലത്തിന്റെ തകർച്ച നേരിട്ട് അറിയുന്നത്. സെൽഫിയെടുക്കാൻ പോലും പറ്റാത്ത വിധം ദുരിതമാണ് ഇവിടമെന്ന് അറിയുന്നതോടെ സഞ്ചാരികളും നിരാശയോടെ മടങ്ങുകയാണ്.