thief

ഓയൂർ: അമ്പലംകുന്ന് ചെറുവക്കൽ കൂമ്പല്ലൂർ ശാസ്താ ക്ഷേത്രത്തിലെ ശ്രീകോവിലിൽ സൂക്ഷിച്ചിരുന്ന വഞ്ചികളിലെ പണം മോഷ്ടാക്കൾ അപഹരിച്ചു. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.ഇന്നലെ രാവിലെ ക്ഷേത്രം ശാന്തിക്കാരൻ അമ്പലം തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.തിടപ്പള്ളി കുത്തിപ്പൊളിച്ച് കയറിയ മോഷ്ടാക്കൾ അവിടെ സൂക്ഷിച്ചിരുന്ന ശ്രീകോവിലിന്റെ താക്കോൽ എടുത്താണ് വഞ്ചി തുറന്ന് പണം അപഹരിച്ചത്.ക്ഷേത്രം പണി നടക്കുന്നതിനാൽ വഞ്ചികൾ ശ്രീകോവിലിനുള്ളിലായിരുന്നു സൂക്ഷിച്ചിരുന്നത്. താക്കോൽ സൂക്ഷിച്ചിരുന്ന തിടപ്പള്ളി താല്കാലികമായി നിർമ്മിച്ച ഷെഡ്ഡിലാണ് പ്രവർത്തിക്കുന്നത്. മൂവായിരത്തോളം രൂപ നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ക്ഷേത്രത്തിന്റെ ഓഫീസ് റൂമും കുത്തിപ്പൊളിച്ചിട്ടുണ്ട്. ഓഫീസിലെ മേശയും അലമാരയും തുറന്ന നിലയിലാണ്. തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ അധീനതയിലുള്ള ക്ഷേത്രമാണിത്. പൂയപ്പള്ളി സർക്കിൾ ഇൻസ്‌പെക്ടർ വിനോദ് ചന്ദ്രന്റെ നേതൃത്വത്തിൽ പോലീസ് സംഘവും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും എത്തി തെളിവുകൾ ശേഖരിച്ചു. പൂയപ്പള്ളി പൊലീസ് കേസെടുത്തു.