v
ഇന്ന് പൊന്നിൻ തിരുവോണം; നാടാകെ ആഘോഷ ലഹരിയിൽ

കൊല്ലം: നന്മയുടെയും സമൃദ്ധിയുടെയും ഒരുമയുടെയും പൊന്നിൻ തിരുവോണനാൾ ഇന്ന്. പൂവിളിയും പൂക്കളവുമൊരുക്കി നാടൊന്നാകെ ആഘോഷ ലഹരിയിലാണ്.
രാവിലെ ക്ഷേത്ര ദർശനം കഴിഞ്ഞ് വീടുകളിൽ മടങ്ങിയെത്തി നാടൊന്നാകെ മഹാബലി തമ്പുരാന്റെ വരവിനായി കാത്തിരിക്കും. പിന്നീട് കുടുംബാംഗങ്ങൾക്ക് ഓണക്കോടികൾ സമ്മാനിക്കും. സ്ത്രീകൾ അപ്പോഴും അടുക്കളയിൽ തിരുവോണ സദ്യ ഒരുക്കാനുള്ള തിരക്കിലായിരിക്കും. കുട്ടികൾ മുറ്റത്ത് ഓണക്കളികളിൽ തിമിർക്കും. ഉച്ചയോടെ തൂശനിലയിൽ കുടുംബാംഗങ്ങളെല്ലാം ഓണക്കോടിയുടുത്ത് ഒരുമിച്ചിരുന്ന് വിഭവ സമൃദ്ധമായ സദ്യ കഴിക്കും. ക്ലബ്ബുകളുടെയും മറ്റു സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിൽ നടന്നുവരുന്ന ഓണാഘോഷ പരിപാടികൾ ഇന്ന് കൊടുമ്പിരികൊള്ളും.

ഉത്രാടദിവസമായ ഇന്നലെ നഗരപ്രദേശങ്ങളിലെല്ലാം വലിയ തിരക്കാണനുഭവപ്പെട്ടത്. തിരുവോണ വിഭവങ്ങൾക്കായി ജനങ്ങൾ ഒഴുകിയെത്തുകയായിരുന്നു. വസ്‌ത്രശാലകളിലും മറ്റു വ്യാപാര കേന്ദ്രങ്ങളിലും തുടങ്ങി സിനിമാ തിയേറ്ററുകളിൽ വരെ ജനം തിക്കിത്തിരക്കി. പച്ചക്കറിക്കും പലവ്യ‌ഞ്ജനങ്ങൾക്കും കാര്യമായി വില ഉയരാതിരുന്നത് ആശ്വാസമായി. വൻകിട വാണിജ്യ സമുച്ചയങ്ങളിലും തെരുവോര കച്ചവടക്കാരുടെ മുന്നിലും ഒരേപോലെ ആൾക്കൂട്ടം ഒഴുകിയെത്തി. റോഡുകളിലെല്ലാം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. നിരത്തുകളൊന്നാകെ വാഹനങ്ങൾ കൈയടക്കിയപ്പോൾ കാൽനടയാത്രക്കാർ ഏറെ ബുദ്ധിമുട്ടി. ഗതാഗതം നിയന്ത്രിക്കാൻ പൊലീസ് വല്ലാതെ പണിപ്പെട്ടു. ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളും ഇന്നലെ ഏറെ വൈകിയാണ് അടച്ചത്.

ആഘോഷങ്ങൾ അതിരുകടക്കാതിരിക്കാനും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. എക്സൈസും മോട്ടോർ വാഹന വകുപ്പും ഇന്ന് പ്രത്യേക പരിശോധനകൾ നടത്തും.