തെന്മല പരപ്പാർ അണക്കെട്ടിന്റെ ഡിസ്പേഴ്സറി വാൽവുകൾ തുറന്ന് വിട്ടപ്പോൾ

പുനലൂർ: ഒാണം പടിവാതിലിലെത്തിയതോടെ ജില്ലയിലെ കിഴക്കൻ മലയോര മേഖയിൽ വിനോദ സഞ്ചാരികളുടെ വൻ തിരക്ക്. തെന്മല ഇക്കോ ടൂറിസം മേഖലയ്ക്ക് പുറമേ ആര്യങ്കാവ്, പാലരുവി വെള്ളച്ചാട്ടം, തമിഴ്നാട് കുറ്റാലം തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലാണ് ടൂറിസ്റ്റുകളുടെ തിരക്കേറുന്നത്. വലിയ രീതിയിലുള്ള തിരക്ക് ഒരാഴ്ചയോളം നീണ്ട് നിൽക്കും. കൊല്ലം, കോട്ടയം, തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾക്ക് പുറമേ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ നിന്നുള്ള വിനോദസഞ്ചാരികളും മറ്റ് വിദേശ ടൂറിസ്റ്റുകളുമാണ് തെന്മലയിലും മറ്റും എത്തിക്കൊണ്ടിരിക്കുന്നത്.

എന്നാൽ വിനോദസഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വേണ്ടത്ര വിധത്തിൽ അധികൃതർ ഒരുക്കാത്തത് സ്ത്രീകൾ അടക്കമുള്ളവർക്ക് ബുദ്ധിമുട്ടായി മാറുകയാണ്. പാലരുവി വെള്ളച്ചാട്ടം സന്ദർശിക്കാനും വിദേശ- വിനോദ സഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സഞ്ചാരികളെ നിയന്ത്രിക്കാൻ പുരുഷ-വനിതാ ഗൈഡുകളെ വനം വകുപ്പ് നിയമിച്ചിട്ടുണ്ട്. കുറ്റാലം വെള്ളച്ചാട്ടത്തിലും സഞ്ചാരികളുടെ തിരക്കേറുകയാണ്.

സഞ്ചാരികൾക്കായി വിവിധ തരം കാഴ്ചകൾ

വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് വിവിധ തരം കാഴ്ചകളാണ് ടൂറിസം വകുപ്പ് ഓണക്കാലത്ത് സജ്ജമാക്കിയിരിക്കുന്നത്. ഇക്കോ ടൂറിസം മേഖലയിലെ അഡ്വഞ്ചർ സോൺ, വാർട്ടർ ഫൗണ്ടൻ, കുട്ടികളുടെ പാർക്ക് , ഒറ്റക്കൽ മാൻ പാർക്ക്, ലുക്കൗട്ട് തടയണ, എർത്ത് ഡാമിലെ ജലാശയത്തിൽ ബോട്ട് യാത്ര, കുട്ടവഞ്ചി, ചങ്ങാട യാത്ര എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. ബോട്ട് യാത്ര ചെയ്യുന്നവർക്ക് വിവിധയിനം പക്ഷി, മൃഗാദികളെ നേരിട്ടുകാണാനും ഇവയുടെ ദൃശ്യങ്ങൾ കാമറയിൽ പകർത്താനും കഴിയും. രണ്ട് മണിക്കൂറോളം ദൈർഘ്യമുള്ള ജല യാത്രയാണ് സജ്ജമാക്കിയിട്ടുള്ളത്. ഇത് കൂടാതെ തെന്മല പരപ്പാർ അണക്കെട്ടും ജലാശയവും നേരിൽ കാണാനും സാധിക്കും.

തെന്മല പരപ്പാർ അണക്കെട്ട്

തെന്മല പരപ്പാർ അണക്കെട്ടിൽ ജലനിരപ്പ് കൂടിയത് കണക്കിലെടുത്ത് കഴിഞ്ഞ ആഴ്ചയിൽ മൂന്ന് ഷട്ടറുകളും തുറന്ന് വിട്ടിരുന്നു. ഇപ്പോൾ അണക്കെട്ടിന്റെ ഡിസ്പേഴ്സറി വാൽവുകൾ തുറന്ന് വിട്ടത് കാണാൻ വിനോദസഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. അണക്കെട്ടിന് താഴെയുള്ള തെന്മല - കുളത്തൂപ്പുഴ റൂട്ടിലേക്കുള്ള പാലത്തിൽ നിന്നാണ് ഡിസ്പേഴ്സറി വാൽവിൽ നിന്ന് ജലം പുറത്തേക്ക് വരുന്നത്. ഓണത്തിന് തെന്മലയിലെത്തുന്ന ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടാണ് അണക്കെട്ടിന്റെ വാൽവുകൾ തുറക്കുന്നത്. എല്ലാ വർഷത്തെയും ഓണത്തിന് വാൽവ് തുറക്കുന്നതും പതിവാണ്.