photo
കരുനാഗപ്പള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂൾ

കരുനാഗപ്പള്ളി: സംസ്ഥാനത്തെ മികച്ച എസ്.പി.സി സ്കൂളായി കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിനെ സർക്കാർ തിരഞ്ഞെടുത്തു. പെപ്തംബർ 7ന് തിരുവനന്തപുരം നിശാഗന്ധി ഒാഡിറ്റോറിയത്തിൽ സംഘടിപ്പിച്ച എസ്.പി.സിയുടെ ദശവാർഷിക സമ്മേളനത്തിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്. 9 വർഷത്തിന് മുമ്പാണ് സ്കൂളിൽ എസ്.പി.സി പ്രവർത്തനം ആരംഭിച്ചത്. ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, കൃഷി, ട്രാഫിക് ബോധവൽക്കരണം, പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ, ഭിന്നശേഷിക്കാരായ കുട്ടികളുടെ വീട് സന്ദർശനം, വൃദ്ധസദനം സന്ദർശനം, ആശുപത്രിയിലെ കിടപ്പ് രോഗികൾക്ക് സാന്ത്വനം, ചികിത്സാ സഹായങ്ങൾ, ദേശീയപാതയിലെ ഗതാഗത നിയന്ത്രണം തുടങ്ങി എസ്.പി.സി കേഡറ്റുകൾ നടത്തിയ പ്രവർത്തനങ്ങൾ പരിശോധിച്ചാണ് മികച്ച സ്കൂളായി പ്രഖ്യാപിച്ചത്. എസ്.പി.സിയുടെ ചുമതലയുള്ള സി.പി.ഒ ശ്രീലതയെ സംസ്ഥാനത്തെ ഏറ്റവും മികച്ച എസ്.പി.സി ടീച്ചറായി തിരഞ്ഞെടുത്തു. ആർ. രാമചന്ദ്രൻ എം.എൽ.എ, എ.എസ്.ഐ ഉത്തരക്കുട്ടൻ, നഗരസഭാ, ജില്ലാ നോഡൽ ഓഫീസർ, ഉപദേശക സമിതി അംഗങ്ങൾ, കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഓഫീസർമാർ, പി.ടി.എ കമ്മിറ്റി , എസ്.എം.സി കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സ്കൂളിനെ അഭിനന്ദിച്ചു.