c
കൊല്ലം ബീച്ച്

കൊല്ലം: ഓണം ആഘോഷിക്കാനെത്തുന്നവരുടെ വൻതിരക്ക് കണക്കിലെടുത്ത് കൊല്ലം ബീച്ചിൽ സുരക്ഷ കൂടുതൽ ശക്തമാക്കി. ബീച്ചിലെ ലൈഫ് ഗാർഡുകൾക്കൊപ്പം പൊലീസും ജാഗ്രതയിലാണ്. നാല് ലൈഫ് ഗാർഡുമാരാണ് ഓണ നാളുകളിൽ ഡ്യൂട്ടിയിലുള്ളത്. അപകട മേഖല വടം കെട്ടി തിരിക്കുന്നതിനൊപ്പം ഉച്ചഭാഷിണി മുഖേനെ അറിയിപ്പും നൽകും. കേടായിരുന്ന ഉച്ച ഭാഷിണികൾ ഓണം പ്രമാണിച്ച് പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. ക്രമസമാധാന ചുമതലയ്ക്കായി ഇവിടെ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.

ആഴക്കൂടുതലുള്ള ബീച്ച്

പ്രകൃതിദത്തമായ ആഴക്കൂടുതലാണ് കൊല്ലം ബീച്ചിനെ അപകട മേഖലയാക്കുന്നത്. കാൽ നനയ്‌ക്കുന്നതിനിടെ നില തെറ്റി വെള്ളത്തിലേക്ക് വഴുതിപ്പോയാൽ മടങ്ങി വരവ് അസാദ്ധ്യമാണ്. ജീവൻ പണയം വച്ചുള്ള വിനോദങ്ങളും സാഹസിക സെൽഫികളും ഒഴിവാക്കണമെന്ന് പൊലീസിന്റെ കർശന നിർദ്ദേശമുണ്ട്. സാധാരണ മണൽപ്പരപ്പിലേക്ക് പൊലീസ് വരാറില്ല. ലൈഫ് ഗാർഡുമാർക്കാണ് ഈ മേഖലയിലെ നിയന്ത്രണ ചുമതല. ഇവരുടെ നിർദ്ദേശങ്ങൾ അവഗണിച്ചാൽ പൊലീസ് ഇടപെടും.