c

കൊല്ലം: 'ഓണസമൃദ്ധി 2019' നായി വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ (വി.എഫ് പി.സി കെ) 12 കോടിയിൽപരം രൂപയുടെ 2500 ടൺ പഴം, പച്ചക്കറികൾ വിപണിയെലെത്തിച്ചതായി വി.എഫ്.പി.സി.കെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സജിജോൺ അറിയിച്ചു. വി.എഫ് പി.സി കെയുടെ കീഴിലെ 250 ലധികം സ്വാശ്രയ കർഷക സമിതികളിലൂടെയാണ് ഈ മാസം 5 മുതൽ 9 വരെ ഉല്പന്നങ്ങൾ വിപണിയിലെത്തിച്ചത്.

നേന്ത്രക്കായ, വാഴപ്പഴങ്ങൾ, പച്ചക്കറികൾ, ഇഞ്ചി, ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയവയാണ് വില്പനയ്ക്ക് എത്തിച്ചത്. ഓണക്കാലത്ത് സാധാരണയുണ്ടാകുന്ന കൃത്രിമക്ഷാമവും വിലക്കയറ്റവും നിയന്ത്രിക്കാൻ ഇത് സഹായകമായി. കൃഷിവകുപ്പിന്റെ മേൽനോട്ടത്തിൽ സംഘടിപ്പിച്ച 2000 വിപണികൾ ഉത്രാടനാൾ വരെ പ്രവർത്തിച്ചു. ഈ വിപണികളിലേക്കെത്തിയ നാടൻ പഴം,പച്ചക്കറികളിൽ ഏറിയപങ്കും സ്വാശ്രയ കർഷക സമിതികളിൽ നിന്നും ഹോർട്ടികോർപ്പ് നേരിട്ട് സംഭരിച്ച് വിതരണം ചെയ്തതാണ്. സാധാരണ സംഭരണ വിലയിൽ നിന്ന് 10ശതമാനം അധികവില നൽകിയാണ് സംഭരിച്ചത്. എന്നാൽ, ഓണസമൃദ്ധി വിപണികളിലൂടെ വിറ്റഴിച്ചത് പൊതുവിപണി വിലയെക്കാൾ 30 ശതമാനം വിലക്കുറവിലാണ്.

കാന്തല്ലൂർ, വട്ടവടയിലെ സ്വാശ്രയ കർഷകസമിതികളിൽ നിന്നുമാത്രം ഹോർട്ടികോർപ്പ് 200 ടണ്ണിലധികം ശീതകാല പച്ചക്കറികൾ സംഭരിച്ച് ഉപഭോക്താക്കൾക്ക് എത്തിച്ചു. സുരക്ഷിത പഴം,പച്ചക്കറി ഉല്പന്ന വിപണനത്തിനായി ആരംഭിച്ച തളിർ ബ്രാൻഡ് ഔട്ട്ലറ്റുകളിലും വലിയതോതിൽ ഉപഭോക്താക്കളെത്തി. കർഷകർ ഉല്പാദിപ്പിച്ച ഗുണമേന്മയുള്ള നേന്ത്രക്കായ പഴുപ്പിച്ചെടുത്ത് പായ്ക്കറ്റുകളിൽ വില്പനയ്ക്കെത്തിക്കാനും തുടക്കം കുറിച്ചു.